സ്മാര്‍ട്ട്ഫോണില്‍ സ്റ്റോറേജ് സ്പെയ്സ് നിറഞ്ഞുകഴിയുമ്പോള്‍ ഫോണ്‍ അനങ്ങാതെ നില്‍ക്കുന്നത് നമുക്കെല്ലാം തലവേദനയാകാറുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സ്റ്റോറേജ് സ്പേസ് ഫ്രീയാക്കിയിടാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ സേവ് ചെയ്യുക
ഫോണിലെ ഏറ്റവും കൂടുതൽ സ്പേസ് ഉപയോഗിക്കുന്ന ഫയലുകളാണ് ഫോട്ടോകളും വീഡിയോകളും. അതിനാല്‍ ഇത്തരം ഫയലുകള്‍ ഗൂഗിൾ ഫോട്ടോസ് പോലുള്ള ക്ലൗഡ് സ്‌റ്റോറേജ് സേവനങ്ങൾ ഉപയോഗിച്ച് ഓൺലൈനിൽ സൂക്ഷിക്കാൻ ശ്രമിക്കുക. എല്ലാ ഗൂഗിൾ അക്കൗണ്ടുകളിലും 15 ജിബി സൗജന്യ സ്റ്റോറേജ് ലഭ്യമാണ്. ഒരിക്കൽ ഇങ്ങനെ സൂക്ഷിച്ച ഫോട്ടോകളും വീഡിയോകളും സ്മാർട്ട്ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാനും മറക്കരുത്. വെഫൈയുടെയോ മൊബൈൽ ഡാറ്റയുടെയോ സഹായത്തോടെ ഇങ്ങനെ ബാക്കപ്പ് ചെയ്ത ഫയലുകൾ കാണാനും കഴിയും.
വാട്സ്ആപ്പിലെ മീഡിയ ഫയലുകള്‍ ഗാലറിയിൽ നിന്ന് ഒഴിവാക്കുക
വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കപ്പെടുന്ന ഫോട്ടോകളും വീഡിയോകളും മറ്റ് മീഡിയ ഫയലുകളുമെല്ലാം ഫോണിന്‍റെ ഗാലറിയിൽ സൂക്ഷിക്കുന്നത് സ്റ്റോറേജ് സ്പേസ് ഇല്ലാതാകുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. വാട്സ്ആപ്പിൽ നിന്നും ഫയലുകൾ ഗാലറിയിലേക്ക് തനിയെ സേവാകുന്ന സെറ്റിങ്സ് ഓഫാണെന്ന് ഉറപ്പാക്കുക.
ഓൺലൈൻ സ്റ്റോറേജ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക
ഇന്നിപ്പോള്‍ ഭൂരിഭാഗം പേരും ഔദ്യോഗിക കാര്യങ്ങൾക്ക് പോലും സ്വന്തം സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാറുണ്ട്. ഫോണുകൾ നമ്മുടെ കമ്പ്യൂട്ടറുകളായി മാറിയിരിക്കുന്നു. പല ഓഫീസ് ഫയലുകളും മറ്റ് മീഡിയകളും നമ്മൾ ഫോണിൽ ആക്‌സസ് ചെയ്യാറുമുണ്ട്. പലപ്പോഴും ഇത്തരം ഫയലുകൾ ഫോൺ സ്റ്റോറേജിൽ അനാവശ്യമായി കുന്നുകൂടും. ഇത് ഒഴിവാക്കാൻ ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് വൺഡ്രൈവ് പോലെയുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലേക്ക് നിങ്ങളുടെ അക്കൗണ്ടും ഡിവൈസും ലിങ്ക് ചെയ്യുക.
ഡൗൺലോഡ് ചെയ്ത ഫയലുകള്‍ പതിവായി നീക്കം ചെയ്യുക
ഇന്നത്തെ കാലത്ത് സിനിമകളും സംഗീതവും ഒന്നും സ്മാർട്ട്ഫോണുകളിൽ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. ഏത് പാട്ടും സിനിമയും ഓൺലൈനിൽ എപ്പോഴും ലഭ്യമാണ്. അതിനാല്‍ അവ ഡൗൺലോഡ് ചെയ്ത് ഫോണിലെ സ്റ്റോറേജ് കളയേണ്ട ആവശ്യമില്ല. ഇനി ഡൗൺലോഡ് ചെയ്തു എന്നുണ്ടെങ്കില്‍ ആവശ്യം കഴിഞ്ഞാൽ സിനിമകളും പാട്ടുകളും മറ്റ് മീഡിയ ഫയലുകളും ഡിലീറ്റ് ചെയ്തെന്ന് ഉറപ്പാക്കുക.
ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക
അധികം ഉപയോഗിക്കാത്ത ആപ്പുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യുക. പിന്നീട് ആവശ്യമുള്ളപ്പോൾ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യാവുന്നതേയുള്ളൂ. ഇനി പണം നൽകി സബ്സ്ക്രൈബ് ചെയ്ത ആപ്പുകളാണെന്നിരിക്കട്ടെ. അവയും ആവശ്യാനുസരണം വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ആപ്പ് സബ്സ്ക്രിപ്ഷൻ ഇല്ലാതെയാകില്ല.
ആപ്പുകളുടെ കാഷെയും ഡാറ്റയും ക്ലിയർ ചെയ്യുക
പലപ്പോഴും ഫോണുകൾ ഹാങ്ങാവുന്നതിന് പ്രധാന കാരണം ആപ്പുകളിൽ കാഷെ ഫയലുകൾ അടിഞ്ഞ് കൂടുന്നതിനാലാണ്. ഫോണിലെ സെറ്റിങ്സ് വഴി സാധാരണയായി ഒരു ആപ്പിന്‍റെ കാഷെയും ഡാറ്റയും ക്ലിയർ ചെയ്യാൻ കഴിയും. ഇത് ടെംപററി ഡാറ്റ ഇല്ലാതാക്കുന്നു. സ്മാർട്ട്ഫോണുകളുടെ കമ്പനി, മോഡൽ, ഒഎസ് എന്നിവയെയൊക്കെ ആശ്രയിച്ച് ഈ സെറ്റിങ്സിൽ വ്യത്യാസങ്ങൾ ഉണ്ടാവും. ഒപ്പം ഫോണിലെ വെബ് ബ്രൌസറുകളിലെ കാഷെ ഫയലുകൾ ക്ലിയർ ചെയ്യുന്നതും ഫോണിന്‍റെ സ്റ്റോറേജ് സ്പേസ് ഫ്രീ ആക്കാൻ സഹായിക്കും.
ഗൂഗിൾ ഫയലുകൾ ഉപയോഗിക്കുക
ഉപയോക്താക്കൾക്ക് ഏറ്റവും ഉപയോഗപ്രദമായ ഒരു ഫയൽ മാനേജ്‌മെന്‍റ് ആപ്പാണ് ഗൂഗിൾ ഫയൽസ്. ജങ്ക് ഫയലുകളും കാഷെയും വൃത്തിയാക്കി സ്റ്റോറേജ് സ്പേസ് സൃഷ്‌ടിക്കുക, ക്ലീനിങ് റെക്കമെന്‍റേഷനുകള്‍ നൽകുക, സെർച്ചിങും ലളിതമായ ബ്രൗസിങും ഉപയോഗിച്ച് ഫയലുകൾ വേഗത്തിൽ കണ്ടെത്തുക, ഡാറ്റ ഇല്ലാതെ പോലും ഫയലുകൾ മറ്റുള്ളവരുമായി ഓഫ്‌ലൈനിൽ പങ്കിടുക, കൂടാതെ ഫയലുകൾ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യുക തുടങ്ങിയ വിവിധ തരം ഫീച്ചറുകൾ ഉള്ള ഗൂഗിൾ ഫയൽസ് ഉപയോഗിക്കുന്നതും സ്റ്റോറേജ് സ്പേസിന്‍റെ മികച്ച ഉപയോഗത്തിന് നല്ലതാണ്.
Leave a Reply