ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളില്‍ അടുത്തവര്‍ഷം മുതല്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. എയർടെൽ, ജിയോ ,വോഡഫോൺ – ഐഡിയ എന്നീ കമ്പനികൾ സേവനം നൽകും.
ഗുരുഗ്രാം, ബംഗലൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ദില്ലി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗര്‍ എന്നി 13 നഗരങ്ങളിലാണ് 5ജി സേവനം അടുത്തവര്‍ഷത്തോടെ ലഭ്യമാക്കുന്നത്. വിവിധ ടെലികോം സേവനദാതാക്കള്‍ അതിന്റെ പരീക്ഷണം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടത്തി വരുകയാണ്.
എന്നാല്‍, 5ജി സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തുണ്ട്. സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നിൽ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ. 2022 ഏപ്രിൽ – മെയ് മാസത്തിനിടയിൽ 5ജി സ്പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്.
Leave a Reply