ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ പുതിയ സ്മാർട്ട് വാച്ച് മോട്ടോ വാച്ച് 100 ഔദ്യോഗികമായി അവതരിപ്പിച്ചു. വൃത്താകൃതിയിലുള്ള ഡിസ്പ്ലേയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട് വാച്ചില്‍ മോട്ടറോളയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മോട്ടറോളയുടെ തന്നെ ഓഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട് വാച്ച് കൂടിയാണിത്.
സ്‌മാർട്ട് വാച്ചിന്‍റെ ബാറ്ററി ലൈഫ് വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് മോട്ടോയുടെ ഓപ്പറേറ്റിങ് സിസ്റ്റം രൂപകൽപന ചെയ്‌തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ മോട്ടോ വാച്ച് 100 -ന് സാധിക്കും. 360 x 360 പിക്സൽ റെസലൂഷനുള്ള 1.3 ഇഞ്ച് വൃത്താകൃതിയിലുള്ള എൽസിഡി ഡിസ്പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഹൃദയമിടിപ്പ് ട്രാക്കിങ്, രക്തത്തിലെ ഓക്സിജൻ (SpO2) നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മോട്ടോ വാച്ച് 100- ന്‍റെ അടിസ്ഥാന വില 99.99 ഡോളറാണ് (ഏകദേശം 7,400 രൂപ). ഗ്ലേസിയർ സിൽവർ, ഫാന്‍റം ബ്ലാക്ക് നിറങ്ങളിലാണ് മോട്ടോ വാച്ച് 100 ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. നിലവിൽ യുഎസ് വിപണിയിൽ മാത്രമാണ് പ്രീ -ഓർഡറുകൾ സ്വീകരിക്കുന്നത്. ഡിസംബർ 10 മുതൽ വിതരണം തുടങ്ങും.
Leave a Reply