മുഖം തിരിച്ചറിയല്‍ (ഫേസ് റെക്കഗ്നിഷൻ) ഫീച്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫേസ്‌ബുക്ക് സിഇഒ കഴിഞ്ഞ ഒക്ടോബര്‍ 23- ന് പ്രഖ്യാപിച്ചു. അതോടുകൂടി 100 കോടിയോളം വ്യക്തികളുടെ ഡേറ്റയും കമ്പനി ഡിലീറ്റ് ചെയ്യും. ഇത് സ്വമേധയാ കമ്പ്നി സ്വീകരിച്ച ഒരു തീരുമാനമാണെന്ന് കരുതാനാകില്ല. അനേക വര്‍ഷങ്ങളിലെ സമര്‍ദ്ദത്തിന്റെയും നിയമയുദ്ധങ്ങളുടെയും ഫലമാണിത്.
2010-ല്‍ ആണ് ഫേസ് റെക്കഗ്നിഷൻ ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. അത് ഉപയോക്താക്കള്‍ക്ക് ഫോട്ടോയില്‍ ആളുകളെ ടാഗ് ചെയ്യുക എളുപ്പമാക്കി. ഫോട്ടോ ഷെയറിംഗ് സുഗമമാകാന്‍ വേണ്ടിയായിരുന്നു ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. പക്ഷേ ഏറെ താമസിയാതെ കമ്പനിക്കു തന്നെ അത് വലിയൊരു തലവേദനയായി മാറി. നിയമലംഘനം നടത്തിയതിന്റെ പേരില്‍ അനേകം തവണ ദശലക്ഷക്കണക്കിനു ഡോളറുകള്‍ കമ്പനിക്ക് പിഴയായോ നഷ്ടപരിഹാരമായോ പരാതിക്കാര്‍ക്ക് നല്‍കേണ്ടി വന്നു.
ഫീച്ചര്‍ അവസാനിപ്പിക്കുകയാണെങ്കിലും ഈ ടെക്‌നോളജി മുഴുവനായും കമ്പനി ഉപേക്ഷിക്കുന്നില്ല. തങ്ങളുടെ ഐഡന്‍റിറ്റി തെളിയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കോ, ആള്‍മാറാട്ടം തടയുന്നതിനോ ഒക്കെ തുടര്‍ന്നും അത് ഉപയോഗിക്കാന്‍ കഴിയും. അതിനാല്‍ കമ്പനിക്കു പുറമേ നിന്നുള്ള വിദഗ്ദരെക്കൂടി ഉള്‍പ്പെടുത്തി ഈ ടെക്‌നോളജിയെ കറയറ്റതാക്കാന്‍ അവര്‍ക്കു പദ്ധതിയുണ്ട്. ഒരു പക്ഷെ അത് വിജയിച്ചാല്‍ മുമ്പത്തെപ്പോലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ അത് സംലഭ്യമാകണമെന്നും ഇല്ല.
മുഖം തിരിച്ചറിയല്‍ ഫീച്ചറിന്റെ അല്‍ഗോരിതം പ്രധാനമായും വെള്ളക്കാരായ, പുരുഷന്മാരായ ആളുകളെ വച്ചായിരുന്നു വികസിപ്പിച്ചത്. അതുകൊണ്ടുതന്നെ മറ്റു വംശത്തിലെ ആളുകളുടെ മുഖം തിരിച്ചറിയുന്നതില്‍ അത് ഒരുപാട് തെറ്റുകള്‍ വരുത്തി. പലരും അതിന്റെ ഫലമായി അമേരിക്കയില്‍ അറസ്റ്റ് നേരിടേണ്ടി വന്നു. ചൈനയിലാകട്ടെ, കുറച്ചു കൂടി ഭീകരമായ ഒരു പ്രത്യാഘാതം ആണ് അതുളവാക്കിയത്. പ്രത്യേക മതന്യൂനപക്ഷത്തില്‍പ്പെട്ട ആളുകളെ കണ്ടെത്തി അടിച്ചമര്‍ത്താന്‍ ഈ ഫീച്ചര്‍ ഉപയോഗിക്കപ്പെട്ടു. അതുമൂലം ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനുതന്നെ അത് വഴി തെളിക്കുകയും ചെയ്തു.
ഫേസ്ബുക്ക് നമ്മുടെ ‘സമൂഹത്തെ കീറിമുറിക്കുകയാണ്’ എന്ന ഗുരുതരമായ ആരോപണമുയര്‍ത്തി, അതിനെ സാധൂകരിക്കുന്ന തെളിവുകളുമായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയായ ഫ്രാന്‍സെസ് ഹൗഗനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒക്കെ രംഗത്തിറങ്ങിയതോടെ നയങ്ങള്‍ മാറാതിരുന്നാല്‍ ഇനി മുന്‍പോട്ടില്ല എന്ന് ഫേസ്ബുക്ക് അഥവാ മെറ്റാ കമ്പനി തിരിച്ചറിഞ്ഞു തുടങ്ങിയെന്നു വേണം കരുതാന്‍.
Leave a Reply