ഇന്‍സ്റ്റാഗ്രാം കൗമാരക്കാര്‍ക്ക് നല്ലതല്ലെന്ന് ഫെയ്സ്ബുക്കിന്റെ തന്നെ പഠനം

സോഷ്യല്‍ മീഡിയ ഇന്നത്തെ തലമുറയില്‍ ചെലുത്തുന്ന സ്വാധീനം ഗുണപരമല്ല എന്ന് വെളിപ്പെടുത്തുന്ന അനേകം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ തന്നെ പഠനവും അത് പൂഴ്ത്തിവയ്ക്കാന്‍ അവര്‍ നടത്തിയ ശ്രമവുമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരായ കുട്ടികള്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരത്തെക്കുറിച്ചുതോന്നുന്ന ആശങ്കകള്‍ എത്രത്തോളം അപകടകരമാണെന്നാണ് പഠനത്തിലുള്ളത്. ഈ യാഥാര്‍ഥ്യം അറിഞ്ഞിട്ടും ഫേസ്ബുക്ക് അത് കഴിഞ്ഞ രണ്ടുവര്‍ഷമായി പൂഴ്ത്തിവച്ചിരിക്കുകയായിരുന്നുവത്രേ. ‘ദി ഗാര്‍ഡിയന്‍’ അടക്കമുള്ള മാദ്ധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിന്റെ ഗവേഷണവിഭാഗം തങ്ങളുടെ ഉത്പന്നങ്ങള്‍ ഇളം തലമുറയില്‍ രൂപപ്പെടുത്തുന്ന മാനസികാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പഠനം നടത്തുന്നുണ്ട്. അതില്‍ ഇന്‍സ്റ്റാഗ്രാം ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും, പ്രത്യേകിച്ച് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ഹാനികരമാണെന്ന് കണ്ടെത്തുകയും ചെയ്തു. 2019 ല്‍ അവതരിപ്പിച്ചതെന്ന് അറിവായ ഒരു റിപ്പോര്‍ട്ടില്‍ മൂന്ന് കൗമാരക്കാരില്‍ ഒരാള്‍ക്ക് ശരീരപ്രതിച്ഛായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ട് എന്നും മുപ്പത്തിരണ്ട് ശതമാനം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും അവരുടെ ശരീരപ്രത്യേകതകള്‍ മോശമായി തോന്നിയപ്പോള്‍, ഇന്‍സ്റ്റാഗ്രാം അവരെ കൂടുതല്‍ വിഷമിപ്പിച്ചു എന്നുമുള്ള യാഥാര്‍ഥ്യങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

2020 മാര്‍ച്ചില്‍ അവതരിപ്പിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും നിരക്ക് വര്‍ദ്ധിച്ചതിന് കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാമിനെ കുറ്റപ്പെടുത്തുന്നു എന്നും അത് വ്യാപകവും അധികം പേരും ആവര്‍ത്തിച്ചതുമായ ഒരു പരാതിയായിരുന്നു എന്നും പറയുന്നു.

ഇതൊക്കെയാണെങ്കിലും കമ്പനി തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്താനോ, ഇന്‍സ്റ്റാഗ്രാം കൗമാരക്കാരില്‍ വിപരീതഫലങ്ങള്‍ ഉളവാക്കുന്നുവെന്ന് അംഗീകരിക്കാനോ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ജീവിതത്തിലെ മികച്ച നിമിഷങ്ങള്‍ മാത്രം പങ്കിടാനും എപ്പോഴും പെര്‍ഫെക്റ്റ് ആയി കാണപ്പെടാനും ഉള്ള സമ്മര്‍ദ്ദം കൗമാരക്കാരെ വിഷാദത്തിലേക്കും ആത്മാഭിമാനരാഹിത്യത്തിലേക്കും ഭക്ഷണക്രമക്കേടിലേക്കും നയിക്കുന്നുവെന്ന് പഠനങ്ങളില്‍ വ്യക്തമാണ്.

ഫേസ്ബുക്കിന്റെ ആന്തരിക ഗവേഷണഫലങ്ങള്‍ യുവാക്കള്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഒരു പകര്‍ച്ചവ്യാധിയുടെ കാരണമായി സോഷ്യല്‍ മീഡിയയെ വെളിപ്പെടുത്തുന്നുണ്ട്. ലാഭം തേടി ഈ കമ്പനികള്‍ കുട്ടികളുടെ സമയം, ആത്മാഭിമാനം, മാനസികാരോഗ്യം എന്നിവ മോഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*