
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴൊക്കെ ആൻഡ്രോയിഡിൽ ആവശ്യമായ പെർമിഷനുകൾ നമ്മോട് ചോദിക്കാറുണ്ട്. എന്നാൽ ഒരു ആപ്പ് ഏറെക്കാലം ഉപയോഗിച്ചിട്ടില്ലെങ്കിൽ അതിന്റെ പെർമിഷനുകൾ എല്ലാം സ്വയം തിരിച്ചെടുക്കുന്ന ഒരു സംവിധാനം ആൻഡ്രോയ്ഡ് 11 ൽ അവതരിപ്പിച്ചിരുന്നു. ഉപയോക്താവിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമൊക്ക ഗുണകരമായ ഒരു കാര്യമാണിത്. ആൻഡ്രോയ്ഡ് 11 ൽ അവതരിപ്പിച്ച ഈ സൗകര്യം ആൻഡ്രോയിഡിന്റെ പഴയ പതിപ്പുകളിലേക്കുകൂടി എത്തിക്കാനുള്ള ശ്രമമാണ് ഗൂഗിൾ ഇപ്പോൾ നടത്തുന്നത്. ആൻഡ്രോയിഡ് 6 മുതൽ ഉള്ള വേർഷനുകളിൽ ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് വിവരം.
സാങ്കേതിക വൈദഗ്ദ്യം ഇല്ലാത്തവർക്കും ആപ്പുകളുടെ പെർമിഷനുകൾ സ്വമേധയാ കൈകാര്യം ചെയ്യാൻ താല്പര്യമില്ലാത്ത ആളുകൾക്കും ഇത് ഏറെ ഗുണം ചെയ്യും. പെർമിഷനുകൾ തിരിച്ചെടുക്കപ്പെട്ട ആപ്പുകൾ പിന്നീട് തുറക്കേണ്ട ആവശ്യം വരികയാണെങ്കിൽ രണ്ടാമതും പെർമിഷൻ ആവശ്യപ്പെടും എന്നല്ലാതെ ഉപയോഗിക്കുന്നതിന് തടസ്സം ഒന്നുമുണ്ടാകില്ല.
ഇപ്പോൾ ആകെയുള്ള 300 കോടി ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ ഏതാണ്ട് 10 ശതമാനം മാത്രമാണ് ആൻഡ്രോയിഡ് 11 ഉപയോഗിക്കുന്നവർ. ഇപ്പോഴും ഏതാണ്ട് 85 ശതമാനത്തോളം ആൻഡ്രോയ്ഡ് ഡിവൈസുകളിൽ ആൻഡ്രോയിഡ് 6 ആണുള്ളത്. ഗൂഗിൾ പ്ലേ സർവീസ് അപ്ഡേറ്റ് ആയി 2021 ഡിസംബർ മുതൽ ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമായിത്തുടങ്ങും. ഡിസംബറിന് ശേഷം ആവശ്യമുള്ളവർക്ക് ഈ സൗജന്യ അപ്പ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാം. ഇൻസ്റ്റാൾ ചെയ്ത് ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ ഉപയോഗിക്കാതെയിരിക്കുന്ന ആപ്പുകളുടെ പെർമിഷനുകൾ എല്ലാം ഉപകരണത്തിൽ റീസെറ്റ് ആകുകയും ചെയ്യും.
Leave a Reply