സ്മാർട്ട്ഫോൺ നിർമ്മാണം നിർത്താനൊരുങ്ങി എൽജി

LG

ഇലക്ട്രോണിക് ഉല്‍പ്പന്ന രംഗത്തെ ഭീമന്മാരായ എല്‍ജി സ്മാര്‍ട്ട്ഫോണ്‍ നിർമ്മാണ രംഗത്ത് നിന്നും പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ കമ്പനിക്ക് വലിയ നഷ്ടം നേരിട്ടതോടെയാണ് തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം വിറ്റൊഴിയാന്‍ എല്‍ജി തയ്യാറെടുക്കുന്നത്. 2021-ൽ സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും എല്‍ജി പിന്‍വാങ്ങുമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

ഏകദേശം 32847 കോടി രൂപ നഷ്ടത്തിലാണ് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിനസ് കൊറിയയുടെ റിപ്പോര്‍ട്ട് പ്രകാരം എല്‍ജി തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗം വിയറ്റ്നാം കമ്പനിയായ വിന്‍ ഗ്രൂപ്പിന് വില്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് വില്‍ക്കാന്‍ ഏറെ നാളായി ഒരു കമ്പനിയെ എല്‍ജി തേടുന്നുവെന്നും ഏറ്റവും മികച്ച ഓഫര്‍ വിയറ്റ്നാം കമ്പനിയില്‍ നിന്നാണെന്നുമാണ് ലഭ്യമായത് എന്നും ബിസിനസ് കൊറിയ റിപ്പോര്‍ട്ട് പറയുന്നത്.

2020 അവസാനം 16.5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂലധനമുള്ള കമ്പനിയാണ് വിന്‍ ഗ്രൂപ്പ്. എല്‍ജി അടക്കമുള്ള കമ്പനികള്‍ക്ക് വേണ്ടി മൊബൈല്‍ ഫോണുകൾ നിര്‍മ്മിച്ച് നല്‍കുന്ന യൂണിറ്റുകള്‍ ഇപ്പോള്‍ തന്നെ വിന്‍ ഗ്രൂപ്പിനുണ്ട്. സ്മാർട്ട്ഫോൺ ബിസിനസ് വിൽപ്പന, നിർമ്മാണം അവസാനിപ്പിക്കൽ, നിർമ്മാണം വെട്ടികുറയ്ക്കൽ എന്നിവയുൾപ്പെടെ സാധ്യമായ എല്ലാ നടപടികളും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദക്ഷിണ കൊറിയയിലെ എല്‍ജിയുടെ പ്രധാന എതിരാളികളായ സാംസങ്ങില്‍ നിന്നുള്ള വെല്ലുവിളിക്ക് പുറമേ വിലകുറഞ്ഞ ചൈനീസ് സ്മാര്‍ട്ട്ഫോണുകൾക്ക് പ്രിയമേറിയതുമാണ് ഒരു കാലത്ത് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് മുന്‍നിരക്കാരായ എൽജി-യെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*