രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോ, 2021 ജനുവരി ഒന്നു മുതൽ രാജ്യത്തിനകത്ത് എല്ലാ വോയിസ് കോളുകളും സൗജന്യമായിരിക്കും. ഐയുസി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ്) ഏർപ്പെടുത്തിയതോടെ ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് ജിയോ ചാർജ്ജ് ഈടാക്കിയിരുന്നു. ഇതാണ് ഇപ്പോൾ സൗജന്യമാക്കുന്നത്. അതായത് ജിയോയിലേക്കും മറ്റ് ഏത് നെറ്റ് വർക്കുകളിലേക്കുമുള്ള വോയിസ് കോളിന് ഇനി പണം നൽകേണ്ടതില്ല.
‘ഐയുസി ചാർജ്ജുകൾ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകൾ സൗജന്യമാക്കുമെന്ന കമ്പനിയുടെ ഉറപ്പ് പാലിക്കപ്പെടുകയാണ്. ജനുവരി ഒന്നുമുതൽ ജിയോയിൽ നിന്ന് എല്ലാ നെറ്റ് വർക്കുകളിലേക്കുമുള്ള കോളുകൾ സൗജന്യമായിരിക്കും”-ജിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജിയോയിലേക്കുള്ള കോളുകൾ നേരത്തെ തന്നെ സൗജന്യമായിരുന്നു. 2019 സെപ്തംബറിൽ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) ഐയുസി നിരക്ക് ഈടാക്കുന്ന കാലാവധി നീട്ടിയിരുന്നു. ഇതേ തുടർന്നാണ് ഇതര നെറ്റ് വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ചാർജ്ജ് ഈടാക്കി തുടങ്ങിയത്. ട്രായ് ഐയുസി നിരക്ക് എടുത്ത് കളയുന്നതുവരെ മാത്രമേ ജിയോ ചാർജ്ജ് ഈടാക്കുകയുള്ളൂവെന്ന് അന്നുതന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.
സാധാരണക്കാർക്കെല്ലാം നൂതനമായ വോൾട്ടെ സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കാൻ ജിയോ ബാധ്യസ്ഥരാണെന്ന് കമ്പനി വ്യക്തമാക്കി.
Leave a Reply