2021 ഫെബ്രുവരി എട്ട് മുതൽ വാട്സ്ആപ്പിലെ പ്രൈവസി ഫീച്ചറുകളിൽ പുതിയ മാറ്റങ്ങൾ വരുന്നു എന്ന് റിപ്പോർട്ട്. വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വാബീറ്റ ഇൻഫോ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി വാട്സ്ആപ്പ് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് പിന്നീട് ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല.
വാട്സ്ആപ്പ് തുടർന്ന് ഉപയോഗിക്കണമെങ്കിൽ നിങ്ങൾ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും അല്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി പോളിസി അപ്ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്ക്രീൻഷോട്ട് വാബീറ്റാ ഇൻഫോ പങ്കുവെച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പുതിയ നിബന്ധനകൾ സ്വീകരിക്കുവാനോ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനോ സാധിക്കുമെന്നാണ് സ്ക്രീൻഷോട്ടിലൂടെ വ്യക്തമാക്കുന്നത്.
ഉപയോക്താക്കളുടെ ഡേറ്റ എങ്ങനെയാണ് വാട്സ്ആപ്പ് കൈകാര്യം ചെയ്യുന്നത്, വാട്സ്ആപ്പ് ചാറ്റുകൾ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പുതിയ പ്രൈവസി അപ്ഡേറ്റിലുണ്ടാകുക.
വാട്സ്ആപ്പ് സേവനങ്ങൾ തുടർന്ന് ഉപയോഗിക്കണമെങ്കിൽ നിർബന്ധമായും വ്യവസ്ഥകൾ അംഗീകരിച്ചിരിക്കണം. ഫെബ്രുവരി എട്ട് എന്ന തീയതിയിൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാമെന്നും പുതിയ പ്രൈവസി ഫീച്ചർ വരും ആഴ്ചകളിൽ അവതരിപ്പിച്ചേക്കുമെന്നും സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
ഒരു ഇൻ ആപ്പ് ബാനർ ആയിട്ടായിരിക്കും ഈ അറിയിപ്പ് വാട്സ്ആപ്പിൽ കാണിക്കുക. അടുത്തിടെയാണ് ഇൻ ആപ്പ് ബാനർ സംവിധാനം വാട്സ്ആപ്പിൽ ഉൾപ്പെടുത്തിയത്. ഈ ബാനറിൽനിന്നും ഉപയോക്താക്കളെ മറ്റ് വെബ്സൈറ്റുകളിലേക്ക് കൊണ്ടുപോവാൻ കഴിയും. ഫെബ്രുവരി എട്ടിലെ അപ്ഡേറ്റിനെ കുറിച്ചുള്ള അറിയിപ്പ് ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയുള്ള വാട്സ്ആപ്പിന്റെ ആദ്യ അറിയിപ്പാകുവാനാണ് സാധ്യത.
Leave a Reply