സാറ്റലൈറ്റ്-അധിഷ്ഠിത നാരോബാന്‍ഡ് ഐഒടി

bsnl pre paid plane

ബിഎസ്എന്‍എലും സ്‌കൈലോടെക് ഇന്ത്യയും ചേര്‍ന്ന് സാറ്റലൈറ്റ്-അധിഷ്ഠിത എന്‍ബി-ഐഒടി(നാരോബാന്‍ഡ്-ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്‌സ്) ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ ആഴക്കടല്‍ മീന്‍പിടുത്തക്കാര്‍, കര്‍ഷകര്‍, നിര്‍മാണമേഖല, ഖനനം, ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ഇതോടെ രാജ്യത്തിന്‍റെ വിദൂരഭാഗങ്ങളിലും സമുദ്രാതിര്‍ത്തികളിലുമുള്ള നിലവില്‍ കണക്ഷനില്ലാത്ത ലക്ഷക്കണക്കിന് മെഷീനുകള്‍, സെന്‍സറുകള്‍, വ്യവസായിക ഐഒടി ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെടാനും ഡേറ്റ കൈമാറാനും സാധിക്കുന്നതാണ്.

സ്‌കൈലോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ്. ബിഎസ്എന്‍എലിന്‍റെ സാറ്റലൈറ്റ് ഗ്രൗണ്ട് സൗകര്യങ്ങളുമായി സഹകരിച്ച് രാജ്യത്തിന്‍റെ മുക്കിലും മൂലയിലും സമുദ്രാതിര്‍ത്തിയിലും കവറേജ് ലഭ്യമാക്കുകയാണിതിലൂടെ. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്ത് മുതല്‍ വടക്കു കിഴക്കന്‍ അതിര്‍ത്തിവരെയും കവറേജ് ലഭിക്കാത്ത ഒരു പ്രദേശവും ഉണ്ടാകില്ലെന്ന് ബിഎസ്എന്‍എലും സ്‌കൈലോയും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പദ്ധതിയുടെ വിജയകരമായ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്.

ഒരു ചെറിയ പെട്ടിയുടെ രൂപത്തിലുള്ള സ്‌കൈലോ യൂസര്‍ ടെര്‍മിനല്‍ സെന്‍സറുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് സ്‌കൈലോ ശൃംഖലയിലേയ്ക്കും അതുവഴി ഉപഭോക്താക്കളിലേയ്ക്കും വിവരങ്ങള്‍ എത്തിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രവര്‍ത്തനരീതി. സമുദ്രാതിര്‍ത്തി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മുഴുവന്‍ ഭൂഭാഗവും സമ്പൂര്‍ണമായി ഓണ്‍ലൈനാക്കുന്ന വന്‍കുതിപ്പാണ് പുതിയ സംവിധാനം സാധ്യമാക്കുക.

താങ്ങാവുന്ന ചെലവില്‍ അതിനൂതന ടെലികോം സേവനങ്ങള്‍ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ബിഎസ്എന്‍ലിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പുതിയ സേവനമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി പി കെ പുര്‍വാര്‍ പറഞ്ഞു. 2021-ല്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യേണ്ടി വരുമ്പോള്‍ ലോജിസ്റ്റിക്‌സ് മേഖലയ്ക്കാവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിച്ചു നല്‍കാന്‍ സ്‌കൈലോയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളായി ഓഫ്‌ലൈനില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി, റെയില്‍വേ, ഫിഷറീസ് മേഖലകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍റ്സ്, ഐഒടി എന്നിവ ഉപയോഗപ്പെടുത്താന്‍ പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് സ്‌കൈലോ സിഇഒയും സഹസ്ഥാപകനുമായ പാര്‍ത്ഥസാരഥി ത്രിവേദി പറഞ്ഞു. ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ്-അധിഷ്ഠിത എന്‍ബി-ഐഒടി ശൃംഖലയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*