ഗൂഗിളിന്‍റെ ഫോട്ടോ സ്റ്റോറേജിംഗ് സേവനമായ ഗൂഗിള്‍ ഫോട്ടോസിൽ ചിത്രങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനൊപ്പം മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. ഇപ്പോഴിതാ ഗൂഗിൾ ഫോട്ടോസില്‍ പുതിയ കൊളാഷ് ഡിസൈനുകൾ അവതരിപ്പിച്ചിരിക്കുന്നു. റീസന്‍റ് ഹൈലൈറ്റ്സിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗൂഗിള്‍ ഫോട്ടോസിന്‍റെ പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചര്‍ ലഭ്യമാകുന്നതാണ്. ഇൻസ്റ്റഗ്രാമിലെ സ്റ്റോറീസിന് സമാനമായ സംവിധാനമാണ് റീസന്‍റ് ഹൈലൈറ്റ്സ്. അടുത്തിടെ പകർത്തിയ ഫോട്ടോകളിൽ മികച്ചവ ഗൂഗിൾ തിരഞ്ഞെടുത്ത് ഇതിൽ കാണിക്കും. ഇതിൽ ഒരേ സ്ഥലത്ത് വെച്ച് പകർത്തിയ ഒന്നിലധികം ഫോട്ടോകളുണ്ടെങ്കിൽ അവയെ ഒരു കൊളാഷ് രൂപത്തിൽ ഒന്നിപ്പിച്ച് കാണിക്കും. നിലവിൽ ഗൂഗിൾ ഫോട്ടോസിൽ ലളിതമായ ഒരു സാധാരണ കൊളാഷ് ഡിസൈൻ മാത്രമാണുള്ളത്.
ഫോട്ടോകള്‍ക്ക് ചുറ്റും ചോക്കുകൊണ്ട് വരച്ചത് പോലുള്ള വെള്ളനിറത്തിലുള്ള ഫ്രെയിം നൽകുന്ന രീതിയിലുള്ളതാണ് പുതിയ കൊളാഷ് ഡിസൈനുകളിൽ ഒന്ന്. ഒന്നിലധികം ഡിസൈനുകള്‍ ഉണ്ടാവുമെന്ന് ഗൂഗിൾ പറയുന്നുണ്ടെങ്കിലും എത്രയെണ്ണമുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
Leave a Reply