വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്ട്രോണിക് ഡേറ്റകൾ ആധികാരിക രേഖയായി അംഗീകരിക്കുന്ന പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ എല്ലാ ഇലക്ട്രോണിക് രേഖയ്ക്കും നിയമ സാധുതയില്ലതാനും. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എംപരിവാഹന്‍ എന്നീ ആപ്പുകള്‍ മുഖേനയുള്ള രേഖകളെയാണ് ഇലക്ട്രോണിക് രേഖയായി പരിഗണിക്കുന്നത്.
ഒരു വ്യക്തിയുടെ പഠന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ ഡിജിറ്റലായി സൂക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുള്ള സംവിധാനമാണ് ഡിജിലോക്കർ. www.digilocker.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഡിജിലോക്കറിന്റെ സേവനം നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ഫോണിൽ ഡിജിലോക്കർ സെറ്റ് ചെയ്യുന്നതെങ്ങനെ?
• ആൻഡ്രോയ്ഡ്,ഐഓഎസ് ഡിവൈസുകൾക്കായി സൗജന്യ ഡിജിലോക്കർ ആപ്പുകൾ ലഭ്യമാണ്. ഡിവൈസിലെ ആപ്ലിക്കേഷൻ സ്റ്റോറിൽ കയറി ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
• നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഡിജിലോക്കർ ആക്സസ് ചെയ്യുന്നതിനുള്ള ഓടിപി ഈ നമ്പറില്‍ ലഭ്യമാകും. ഓടിപി നൽകി പാസ്വേർഡ് സെറ്റ് ചെയ്യുക.
• ശേഷം ആധാർ നമ്പർ നൽകി ഡിജിലോക്കർ പ്രവർത്തിപ്പിക്കാം.
സർട്ടിഫിക്കറ്റുകൾ നേരിട്ട് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിനെ ഇഷ്യൂഡ് ഡോക്യുമെന്റ്സ് എന്നാണ് പറയുന്നത്. ആധാർ കാർഡ്, ലൈസൻസ് എന്നിവയുടെ നമ്പർ നൽകിയാൽ ഇവയുടെ ഡിജിറ്റൽ പതിപ്പ് ഫോണിലെത്തും. സ്കാന്‍ ചെയ്ത് സർട്ടിഫിക്കറ്റുകളും മറ്റും സൂക്ഷിക്കുന്നതിന് അപ് ലോഡ് ഡോക്യുമെന്റ്സ് എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ മതി. സർട്ടിഫിക്കറ്റുകളും രേഖകളും ഇതിൽ സൂക്ഷിക്കാനാകും. മാക്സിമം 10MB വരെയുള്ള ഫയല്സൈസുകള് മാത്രമേ ഡിജിലോക്കർ ആപ്പില്‍ അപ് ലോഡ് ചെയ്യാൻ സാധിക്കൂ. .png,.jpeg,.pdf എന്നീ ഫയൽ ഫോർമാറ്റുകളാണ് ഇതിൽ പിന്തുണയ്ക്കുന്നത്.
Leave a Reply