
സർക്കാർ ഉത്തരവ് പാലിക്കുന്നതിനായി ഇന്ത്യയിലെ പബ്ജി മൊബൈൽ ഉപയോക്താക്കൾക്കുള്ള എല്ലാ സേവനങ്ങളും ആക്സസും അവസാനിപ്പിക്കുകയാണെന്ന് ചൈനീസ് കമ്പനിയായ ടെൻസെന്റ് ഗെയിംസ് അറിയിച്ചു. 2020 സെപ്റ്റംബര്‍ രണ്ടിനാണ് പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഇപ്പോഴിതാ പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കമ്പനി അറിയിച്ചു.
പബ്ജി മൊബൈല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം പബ്ജിയുടെ ബൗദ്ധിക സ്വത്തുടമയ്ക്ക് തിരികെ നല്‍കും. ഉപഭോക്തൃ ഡേറ്റ സംരക്ഷണത്തിന് എല്ലായ്പ്പോഴും പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇന്ത്യയിലെ വിവര സംരക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും എല്ലായ്പ്പോഴും പാലിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
സ്വകാര്യത നയത്തില്‍ പറഞ്ഞത് പോലെ എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങള്‍ സുതാര്യതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ പബ്ജി മൊബൈലിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നുവെന്നും പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ പബ്ജി മൊബൈലിന്റെ പ്രവർത്തനം ടെൻസെന്റ് ഗെയിംസ് പൂർണ്ണമായും ഉടമകളായ പബ്ജി കോർപ്പറേഷന് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യയിൽ പബ്ജി നിരോധിച്ചതിനു ശേഷവും ഫോണുകളിലും ടാബുകളിലും പിസികളിലും ഗെയിം നേരത്തെ ഇൻസ്റ്റാൾ ചെയ്തിരുന്നവർക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. എന്നാൽ, ഇനി മുതൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്കും ഗെയിം കളിക്കാൻ സാധിക്കുകയില്ല.
Leave a Reply