സ്മാർട്ട്ഫോണുകൾ ഇന്ന് നിത്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഫോണില്ലാതെ ഏതാനും മിനിട്ട് പോലും കഴിയാനാവാത്ത അവസ്ഥയിലാണിന്ന് പലരും. ഇത്തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് അടിമപ്പെട്ടവര്‍ കരുതിയിരിക്കുക. നിങ്ങള്‍ക്ക് നേരെ ‘സ്മാർട്ട്ഫോൺ പിങ്കി’ ആക്രമണം വന്നേക്കാം. ഇതൊരു മാല്‍വെയര്‍ ആക്രമണം ഒന്നുമല്ല, മറിച്ച് ഇതൊരു ആരോഗ്യപ്രശ്നമാണ്.
മണിക്കൂറുകൾ നിരന്തരമായി ഫോൺ ഉപയോഗിക്കുന്നതിലൂടെ ചെറുവിരലിന് അതായത് പിങ്കി ഫിംഗറിന് ഉണ്ടാകുന്ന വളവാണ് നിങ്ങളെ ബാധിക്കുവാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്നം. ഒരിക്കൽ ബാധിച്ചുകഴിഞ്ഞാൽ പൂർവ്വസ്ഥിതിയിലാക്കാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വരുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
കൂടുതൽപേരും ഇടംകൈയിൽ ഫോൺ പിടിച്ച് വലതുകൈകൊണ്ട് പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഇടതുകൈയിലെ ചെറുവിരൽ വളഞ്ഞ് ഫോണിന്‍റെ സ്ക്രീനിന് മുകളിലായിരിക്കും. ഉപയോഗിക്കുന്ന സമയമത്രയും വിരൽ ഈ അവസ്ഥയിൽ തന്നെയായിരിക്കും. ആദ്യമൊന്നും പ്രശ്നമുണ്ടാക്കില്ലെങ്കിലും കാലം കഴിയുന്തോറും കാര്യങ്ങൾ കുഴപ്പത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. എല്ലുകൾക്ക് മാത്രമല്ല, വിരലുകളിലെ മാംസപേശികൾക്കും ഇത് പ്രശ്നമുണ്ടാക്കും. ചെറിയവേദനയായിരിക്കും ആദ്യ ലക്ഷണം. തുടക്കത്തിലെ ഈ പ്രശ്നം തിരിച്ചറിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലേക്കെത്തും.
സ്മാര്‍ട്ട്ഫോണ്‍ പിങ്കി ബാധിച്ചു എന്ന് തോന്നുകയാണെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതായിരിക്കും ഉത്തമം. പിന്നീടും ഈ അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ വൈദ്യസഹായത്തിന് ശ്രമിക്കുക. വിരലുകള്‍ക്കായുള്ള വ്യായാമങ്ങള്‍ ശീലമാക്കുന്നത് ഇത്തരം ശാരീരികപ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിന് സഹായകരമാകുന്നതാണ്.
പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ അവസ്ഥയുടെ പേര് ഒരു ഔദ്യോഗിക മെഡിക്കല്‍ പദമോ അവസ്ഥയോ അല്ല. അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നമ്മുടെ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. തള്ളവിരല്‍, ചെറുവിരല്‍, കൈത്തണ്ടയുടെ ഭാഗത്ത് വരുന്ന സന്ധികള്‍ എന്നിവയെയാണ് ഈ പ്രശ്നം അധികമായി ബാധിക്കുക.
സ്മാർട്ട്ഫോണിന്‍റെ അമിത ഉപയോഗം റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇഞ്ച്വറിക്ക് ഇടയാക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. തുടർച്ചയായി ഒരേരീതിയിലുളള ജോലികൾ കൊണ്ടോ ചലനങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ശരീര വേദനയാണിത്. ഒരേപോലുളള ചലനങ്ങൾ ആവർത്തിക്കുമ്പോൾ അത്യദ്ധ്വാനം കൊണ്ട് പേശികൾ വലിഞ്ഞ് മുറുകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.
Leave a Reply