5ജി-യിലേക്ക് പ്രവേശിച്ച് ആപ്പിൾ; ഐഫോണ്‍ 12 പുതിയ ശ്രേണി ഫോണുകൾ പുറത്തിറങ്ങി

apple iphone 12

വെര്‍ച്ച്വല്‍ ഇവന്‍റിലൂടെ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 5ജി സാങ്കേതിക വിദ്യയിലേക്ക് പ്രവേശിച്ച് മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിൾ, തങ്ങളുടെ ആദ്യ 5ജി സ്മാർട്ട്ഫോണ്‍ ആയി ഐഫോണ്‍ 12 പുറത്തിറക്കിയിരിക്കുന്നു. ഐഫോണ്‍ 12 , ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് സ്മാർട്ട്ഫോണുകളാണ് ഐഫോണ്‍ 12 ശ്രേണിയിൽപ്പെടുന്നത്.

ടെലികോം കമ്പനിയായ വേരിസോണുമായി ചേർന്നാണ് ഐഫോണിൽ 5ജി എത്തിക്കുന്നത്. സെക്കൻഡില്‍ 4Gbps ഡൗൺലോഡ് വേഗതയും 200Mbps അപ് ലോഡ് വേഗതയും ലഭ്യമാണെന്ന് വേരിസോണ്‍ വാഗ്ദാനം ചെയ്യുന്നു.

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി

ആകർഷകരമായ അലൂമിനിയം രൂപകല്പനയിൽ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളില്‍ ഡ്യുവൽ ക്യാമറ സംവിധാനമാണ് ഉള്ളത്. ഇവയ്ക്ക് യഥാക്രമം 6.1 ഇഞ്ച്, 5.4 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. വലിപ്പത്തിൽ മാത്രമാണ് ഇരു ഫോണുകളും തമ്മിൽ വ്യത്യാസമുള്ളത്. എക്കാലത്തെയും മികച്ച സ്ക്രീനുകളിലൊന്ന് എന്ന വിശേഷണത്തോട് കൂടിയ സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോണ്‍ 12-ല്‍ നൽകിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോൺ ആണ് ഐഫോൺ 12 മിനി എന്ന് കമ്പനി അവകാശപ്പെടുന്നു. കറുപ്പ്, വെളുപ്പ്, ചുവപ്പ്, പച്ച, നീല എന്നിങ്ങനെ നാല് നിറങ്ങളിൽ ഐഫോൺ 12, ഐഫോണ്‍ 12 മിനി സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാണ്.

ഹാന്‍ഡ്സെറ്റിന് നൽകിയിരിക്കുന്ന സെറാമിക് ഷീല്‍ഡ് ഡിസ്പ്ലേയ്ക്കും ഫോണിനും ശക്തമായ സംരക്ഷണം നൽകുന്നു. കൂടാതെ, വാട്ടര്‍ റെസിസ്റ്റന്‍റ്, ഡെസ്റ്റ് റെസിസ്റ്റന്‍റ് സംവിധാനങ്ങളും ഇതിലുണ്ട്.

ആപ്പിളിന്‍റെ ഏറ്റവും പുതിയ A14 ചിപ്പ്സെറ്റ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 12mp അൾട്രാ വൈഡ്, 12mpവൈഡ് ക്യാമറ ഉൾപ്പെട്ടിരിക്കുന്ന ഡ്യുവൽ ക്യാമറ സംവിധാനത്തോടൊപ്പം ഫ്ലാഷും നൽകിയിട്ടുണ്ട്. കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോഗ്രഫി സാധ്യമാകുന്നതുൾപ്പെടെ ഫോട്ടോകൾ മികവുറ്റതാക്കുന്നതിന് കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രഫി സാധ്യതകളും ഉള്ളതാണ് ഇതിലെ ക്യാമറ സംവിധാനം.

ഐഫോണ്‍ 12 പ്രോ വേരിയന്‍റുകള്‍

ഐഫോണ്‍ 12 ശ്രേണിയിലെ പ്രോ വേരിയന്‍റുകളാണ് ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് ഫോണുകള്‍. ഇവയ്ക്ക് യഥാക്രമം 6.1 ഇഞ്ച്, 6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേകളാണ് നല്‍കിയിരിക്കുന്നത്. സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ബാൻഡും ബ്ലാക്ക് ഗ്ലാസും ഉൾപ്പെടുന്ന രൂപകല്പനയാണ് ഐഫോണ്‍ 12 പ്രോയ്ക്ക്.

A14 പ്രോസസ്സറില്‍ 6 കോര്‍ സിപിയുവും 4 കോര്‍ ജിപിയുവും ഐഫോണ്‍ 12 പ്രോയ്ക്ക് ശക്തി പകരുന്നത്. 120 ഡിഗ്രി ആംഗിള്‍ 12mp അള്‍ട്രാ വൈഡ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 12mp വൈഡ് ലെന്‍സ്, 52mm 12mp ടെലി ഫോട്ടോ ലെന്‍സ് എന്നിവയാണ് ഐഫോണ്‍ 12 പ്രോയുടെ ട്രിപ്പിള്‍ ക്യാമറ സംവിധാനം.

ഐഫോണ്‍ 12 പ്രോ- യ്ക്ക് ഡോൾബി വിഷൻ എച്ച്ഡിആർ വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഫോട്ടോകൾ ആപ്ലിക്കേഷനിൽ തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കും. ഇൻസ്റ്റന്‍റ് എആര്‍ എക്സ്പീരിയൻസ് നല്‍കുന്ന ലിഡാര്‍ സ്കാനറാണ് പ്രോ മോഡലുകളില്‍ നൽകിയിരിക്കുന്നത്.

2.5 ഓപ്ടിക്കൽ സൂം, ഒഐഎസ്, f/2.2 അപ്പേര്‍ച്ചര്‍, മെച്ചപ്പെട്ട ഒഐഎസ് സംവിധാനമുള്ള 12mp വൈഡ് ലെന്‍സ്, 12mp ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഐഫോണ്‍ 12 പ്രോ മാക്സിലെ പ്രധാന ക്യാമറ സവിശേഷത.

വിലയും ലഭ്യതയും

64ജിബി, 128ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്‍റിൽ ഉള്ള ഐഫോണ്‍ 12 മിനിയുടെ വില 69900 രൂപയിലാണ് ആരംഭിക്കുന്നത്. ഐഫോൺ 12ന്‍റെ വില ആരംഭിക്കുന്നത് 76900 രൂപയിലും. ഒക്ടോബര്‍ 30 മുതല്‍ ഫോണുകള്‍ ഇന്ത്യയിൽ ലഭ്യമാകും.

പ്രോ വേരിയന്‍റുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഐഫോണ്‍ 12 പ്രോ,ഐഫോണ്‍ 12 പ്രോ മാക്സ് ഫോണുകള്‍ക്ക് യഥാക്രമം 999 ഡോളര്‍, 1099 ഡോളര്‍ ആണ് വില.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*