പ്ലേസ്റ്റോറിന് പകരമായൊരു ആപ്പ് സ്റ്റോര്‍ നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രം

aatma nirbhar bharat

ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിനും ആൻഡ്രോയ്ഡിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിനും പകരം ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാനൊരുങ്ങുകയാണ് കേന്ദ്ര ഗവണ്‍മെന്‍റ്. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായാണ് കേന്ദ്രം ഇന്ത്യയുടെ സ്വന്തം ആപ്പ്സ്‌റ്റോർ നിർമിക്കാനൊരുങ്ങുന്നത്.
ഗൂഗിളിന്‍റെ പുതിയ നയങ്ങൾ തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നുവെന്ന ആരോപണം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിന്നും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ ആപ്പ് സ്റ്റോർ നിർമിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ആപ്ലിക്കേഷൻ ഡെവലപ്പർമാരും സംരംഭകരും ഇതുവരെ രാജ്യത്തെ ആപ്ലിക്കേഷൻ ഇക്കോസിസ്റ്റത്തിൽ ആധിപത്യം പുലർത്തുന്ന ഗൂഗിൾ പ്ലേയ്ക്ക് പകരമായി ഒരു ദേശീയ ആപ്പ് സ്റ്റോർ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേയിൽ ഉള്ളതും ഗൂഗിളിന്‍റെ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കാത്തതുമായ ആപ്ലിക്കേഷനുകൾക്കായി ഗൂഗിള്‍ 30 ശതമാനം ഫീസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഒരു ബദലിനായുള്ള ആവശ്യം ആരംഭിച്ചത്.

സർക്കാർ ആപ്പുകൾക്കു മാത്രമായി ഒരു പ്ലേ സ്റ്റോർ മുന്‍പ് വികസിപ്പിച്ചിരുന്നു. ഇതിനോടൊപ്പം മറ്റു ആപ്പുകൾ കൂടി ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ. സിഡാക് വികസിപ്പിച്ച ആപ്പ് സ്റ്റോറിൽ നിലവിൽ ഉമാംങ്‌, ആരോഗ്യസേതു, ഡിജിലോക്കർ ഉൾപ്പെടെ 61 സർക്കാർ ആപ്ലിക്കേഷനുകളാണുള്ളത്. കേന്ദ്രത്തിന്‍റെ പുതിയ നീക്കത്തിന് ചില ഇന്ത്യൻ ടെക് കമ്പനികൾ പിന്തുണ നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ. അതേസമയം, ഗൂഗിൾ പ്ലേയിലേക്ക് ഒരു ഇന്ത്യൻ ബദൽ കൊണ്ടുവരാൻ ആപ്ലിക്കേഷൻ ഡെവലപ്പർമാരുടെയും സംരംഭകരുടെയും ഒരു ടീം പേടിഎം സഹസ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമയുടെ കീഴില്‍ സജ്ജമാക്കിയിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*