ഫെയ്സ്ബുക്ക് ഇന്ത്യ പോളിസി ഹെഡ് അങ്കി ദാസ് രാജിവച്ചു

ankhi das facebook

ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഹെഡായിരുന്ന അങ്കി ദാസ് തല്‍സ്ഥാനത്തു നിന്ന് രാജിവച്ചു. ജോലിയിലായിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതെതുടര്‍ന്ന് പാര്‍ലമെന്‍ററി സമിതിയുടെ ചോദ്യം ചെയ്യലിന് ഇവര്‍ വിധേയയായിരുന്നു. എന്നാല്‍, വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല അങ്കി ദാസ് രാജിവെയ്ക്കുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും ഹിന്ദുത്വ നേതാക്കളുടെ വര്‍ഗീയത നിറഞ്ഞ പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ബിജെപിയോട് ഫെയ്‌സ്ബുക്ക് ഇന്ത്യക്ക് മൃദു സമീപനമാണെന്ന് നേരത്തെ വാള്‍സ്ട്രീറ്റ് ജേണലില്‍ ലേഖനം വന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്.

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന്‍റെ നേരത്തും അതിന് ശേഷവും ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാല്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും നിലപാടുകള്‍ പ്രകടിപ്പിക്കാനുള്ള സ്പെയ്സ് ഉറപ്പ് നല്‍കുകയാണ് തങ്ങളെന്നുമായിരുന്നു അന്ന് ആരോപണങ്ങളെ കുറിച്ച് ഫെയ്സ്ബുക്ക് പ്രതികരിച്ചത്.

പൊതുസേവനത്തോടുള്ള താല്‍പ്പര്യം പിന്തുടരാൻ ആഗ്രഹിക്കുന്നതിനാലാണ് അങ്കി ദാസ് ഫെയ്സ്ബുക്കില്‍ നിന്ന് രാജിവയ്ക്കുന്നതെന്നാണ്
ഫെയ്സ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജിത് മോഹൻ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഞങ്ങളുടെ ആദ്യകാല ജോലിക്കാരിൽ ഒരാളായ അങ്കി കഴിഞ്ഞ 9 വർഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ 2 വർഷമായി അവർ എന്‍റെ ലീഡര്‍ഷിപ്പ് ടീമിന്‍റെ ഭാഗമാണ്, അതിൽ അവർ വളരെയധികം സംഭാവനകളും നൽകിയിട്ടുണ്ട് എന്നും അജിത് മോഹൻ കൂട്ടിച്ചേര്‍ത്തു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*