ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ടിവി ഉപയോക്താക്കൾക്കായി ഡേറ്റ സംരക്ഷിക്കാൻ സഹായിക്കുന്ന പുതിയ സവിശേഷതകൾ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നു. മൊബൈൽ ഹോട്ട്സ്പോട്ടിലൂടെ ആൻഡ്രോയിഡ് ടിവിയെ കണക്റ്റ് ചെയ്ത് സ്മാർട്ട് ടിവി സവിശേഷതകൾ ഉപയോഗിക്കുന്ന ഇന്ത്യൻ ഉപയോക്താക്കള്‍ക്കായാണ് ഈ സവിശേഷതകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൊബൈൽ ഡേറ്റയുമായി ഒരു എച്ച്ഡി ടിവി കണക്റ്റുചെയ്യുന്നത് ദിവസേനയുള്ള ഡേറ്റ ക്യാപ്സ് വേഗത്തിൽ ഉപയോഗിക്കുന്നതാണ്. അതിനാല്‍, ആന്‍ഡ്രോയിഡ് ടിവികൾക്കായി അവതരിപ്പിച്ച ഡേറ്റ സേവർ, ഡേറ്റ അലേർട്ട്സ്, ഹോട്ട്സ്പോട്ട് ഗൈഡ്, കാസ്റ്റ് ഇന്‍ ഫയല്‍ എന്നീ നാല് പുതിയ സവിശേഷതകൾ ഉപയോഗിച്ച് ഗൂഗിള്‍ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്.
പരിമിതമായ മൊബൈൽ ഡേറ്റ ഉപയോഗിക്കുമ്പോഴും ഇന്ത്യൻ ഉപയോക്താക്കളെ അവരുടെ സ്മാർട്ട് ടിവികൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ സവിശേഷതകൾ സഹായിക്കുന്നുവെന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ വ്യക്തമാക്കുന്നു. ഡേറ്റ സേവർ സവിശേഷത, പേര് സൂചിപ്പിക്കുന്നത് പോലെ, മൊബൈൽ ഹോട്ട്സ്പോട്ട് കണക്ഷനുകളിലെ ഡേറ്റ ഉപയോഗം കുറയ്ക്കുന്നു. മൊബൈൽ ഹോട്ട്സ്പോട്ട് കണക്റ്റ് ചെയ്തുകൊണ്ട് ടിവിയിൽ ഉള്ളടക്കം കാണുന്നതിന് മുന്‍പായി ഉപയോക്താവിന് ഈ സവിശേഷത സെറ്റിംഗ്സിൽ ഓണാക്കാനാകും.
ടിവി കാണുമ്പോൾ ഡേറ്റ ഉപയോഗത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്ന ഒരു പുതിയ ഡേറ്റ അലേർട്ട് സവിശേഷതയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും ഒരു നിശ്ചിത ഡേറ്റ ഉപയോഗിക്കുമ്പോൾ ഈ അലേർട്ടുകൾ സ്ക്രീനിന്റെ ചുവടെ ദൃശ്യമാകും. ഈ അലേർട്ടുകൾ വ്യക്തമായി കാണുവാനായി ഉപയോക്താക്കൾക്ക് ഇത് തിരഞ്ഞെടുക്കാനുമാകും. നിങ്ങൾ 100MB, 500MB, 1GB ഡേറ്റ ഉപയോഗിക്കുമ്പോൾ അലേർട്ടുകൾ ലഭിക്കുന്ന രീതിയില്‍ ഓപ്ഷനുകൾ സെറ്റ് ചെയ്യാവുന്നതാണ്. കൂടാതെ, ഉപയോക്താക്കൾക്ക് അലേർട്ടുകൾ ഓഫ് ചെയ്യാനും സാധിക്കും.
മൊബൈൽ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് ടിവികൾ എളുപ്പത്തിൽ സജ്ജമാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ടെക് ഭീമൻ ഒരു പുതിയ ഹോട്ട്സ്പോട്ട് ഗൈഡും അവതരിപ്പിച്ചിട്ടുണ്ട്.
വരും ആഴ്ചകളിൽ പുതിയ സവിശേഷതകൾ ഇന്ത്യയിലെ ആൻഡ്രോയിഡ് ടിവി ഉപകരണങ്ങളിലേക്ക് ലഭ്യമാക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഈ പിന്തുണ ലഭിക്കുന്ന ആദ്യത്തെ ടിവികളിൽ ഷവോമി, ടിസിഎൽ, ഫ്ലിപ്പ്കാർട്ട് നിർമ്മിച്ച മാർക്യു എന്നിവ ഉൾപ്പെടുന്നു.
ഡേറ്റ ഉപയോഗിക്കാതെ തന്നെ ഫോണിൽ നിന്ന് ഡൗൺലോഡ് ചെയ്ത മീഡിയഫയലുകള്‍ അവരുടെ ടിവിയിലേക്ക് കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന കാസ്റ്റ് ഇന്‍ ഫയല്‍ പിന്തുണയും ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സവിശേഷത ആന്‍ഡ്രോയിഡ് ടിവി ഉപയോക്താക്കൾക്ക് ബീറ്റ പ്രോഗ്രാം വഴി ലഭ്യമാണ്, മാത്രമല്ല വരും ആഴ്ചകളിൽ ഇത് ലഭ്യമാക്കുകയും ചെയ്യുന്നതാണ്.
Leave a Reply