വാട്സ്ആപ്പ് ബിസിനസ്സിലെ സവിശേഷതകൾ

whatsapp business

വാട്സ്ആപ്പിലൂടെ ബിസിനസ്സ് സാന്നിധ്യം നിലനിർത്താനും നിങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതൽ കാര്യക്ഷമമായി ഇടപെടാനും അതിലൂടെ ബിസിനസ്സ് കൂടുതല്‍ ഉയര്‍ത്താനും സഹായിക്കുന്ന വാട്സ്ആപ്പിന്‍റെ തന്നെ സേവനമാണ് വാട്സ്ആപ്പ് ബിസിനസ്സ്. ബിസിനസ്സിനും സ്വകാര്യ ഉപയോഗത്തിനുമായി നിങ്ങൾക്ക് പ്രത്യേകം ഫോൺ നമ്പറുകൾ ഉണ്ടെങ്കിൽ, ഒരേ ഫോണിൽ തന്നെ വാട്സ്ആപ്പ് ബിസിനസ്സും വാട്സ്ആപ്പ് മെസഞ്ചറും ഇൻസ്റ്റാൾ ചെയ്യാനും വ്യത്യസ്ത നമ്പറുകളിൽ അവ രജിസ്റ്റർ ചെയ്യാനുമാകും.

ബിസിനസ്സ് ആപ്ലിക്കേഷന് ഇന്ത്യയിൽ പ്രതിമാസം 15 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും ആഗോളതലത്തിൽ 50 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു. സാധാരണ വാട്സ്ആപ്പില്‍ ലഭ്യമായ ഫീച്ചറുകൾക്ക് പുറമേ വാട്സ്ആപ്പ് ബിസിനസ്സില്‍ ചില അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാട്സ്ആപ്പ് ബിസിനസ്സിലെ ചില സവിശേഷതകള്‍

ബിസിനസ്സ് പ്രൊഫൈൽ സൃഷ്‌ടിക്കുന്നു

ബിസിനസ്സ് പ്രൊഫൈല്‍ സൃഷ്ടിക്കുന്നതിന്, ഉപയോക്താവ് ആദ്യം പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും തുടർന്ന് വാട്സ്ആപ്പ് മെസഞ്ചർ ആപ്ലിക്കേഷനിൽ നിന്ന് വാട്സ്ആപ്പ് ബിസിനസ്സ് ആപ്പിലേക്ക് മാറാൻ സമ്മതിക്കുകയും ചെയ്യുക. മെസഞ്ചർ ആപ്ലിക്കേഷനിലെന്നപോലെ, വാട്സ്ആപ്പ് ബിസിനസ്സിലും ഫോൺ നമ്പർ വേരിഫൈ ചെയ്യേണ്ടതുണ്ട്. തുടർന്ന് ഉപയോക്താവിന് അവരുടെ ബിസിനസ്സ് പേര് പൂരിപ്പിച്ച് ബിസിനസ്സിന്‍റെ വിഭാഗം തിരഞ്ഞെടുത്ത് ഒരു പ്രൊഫൈൽ ചിത്രം ചേർക്കുക. കൂടുതൽ വിശ്വാസ്യതയ്ക്കും ഉപഭോക്താവിന്‍റെ എളുപ്പത്തിനും ഉപയോക്താവിന് അവരുടെ ബിസിനസ്സിന്‍റെ ലൊക്കേഷന്‍ ചേർക്കാൻ സാധിക്കും.

കാറ്റലോഗ്

കാറ്റലോഗ് ഉപയോഗിച്ച്, ബിസിനസ്സുകൾക്ക് അവരുടെ സാധനങ്ങളോ സേവനങ്ങളോ പ്രദർശിപ്പിക്കുന്നതിന് ഒരു സൗജന്യ മൊബൈൽ സ്റ്റോർ‌ഫ്രണ്ട് സൃഷ്ടിക്കാൻ സാധിക്കും. കൂടാതെ ഉപയോക്താക്കൾക്ക് അവർ വാങ്ങാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ബ്രൗസ് ചെയ്യാനും കണ്ടെത്താനും പറ്റും. പ്രസക്തമായ വിവരങ്ങൾക്കായി വെബ്‌സൈറ്റിലേക്ക് പോകാതെ തന്നെ ചാറ്റിൽ ഏർപ്പെട്ടിരിക്കുന്ന ഉപഭോക്താക്കളിലേക്ക് നേരിട്ട് കാറ്റലോഗുകൾ നല്‍കി ബിസിനസ്സുകളെ കൂടുതൽ പ്രൊഫഷണലായി കാണിക്കുവാന്‍ ഇതിലൂടെ സാധിക്കും.

QR കോഡുകൾ

ഒരു ചാറ്റ് ആരംഭിക്കുന്നതിന് ആളുകൾക്ക് ബിസിനസ്സിന്‍റെ സ്റ്റോർ‌ഫ്രണ്ട്, ഉൽപ്പന്ന പാക്കേജിംഗ് അല്ലെങ്കിൽ രസീത് എന്നിവയിൽ നിന്ന് സ്‌കാൻ ചെയ്യാൻ QR കോഡുകൾ ഉപയോഗിക്കാം.

മെസ്സേജ്ജിംഗ് ടൂള്‍സ്

മെസ്സേജ്ജിംഗ് ടൂളുകൾ ബിസിനസ്സ് ഉടമകളെ അവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സമയം ഗണ്യമായി ലാഭിക്കുന്നതിനും സഹായിക്കുന്നു. Away message, Greeting message, Quick replies എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഇത് സെറ്റ് ചെയ്യാം. Quick replies ബിസിനസുകൾ‌ക്ക് പതിവായി ലഭിക്കുന്ന ചോദ്യങ്ങൾ‌ എളുപ്പത്തിൽ‌ മറുപടി ചെയ്യാൻ‌ അനുവദിക്കുന്നു, മാത്രമല്ല ‘Away messages’ ലൂടെ ഒരു മറുപടി എപ്പോൾ‌ പ്രതീക്ഷിക്കാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു.

ലേബലുകൾ

ഉപഭോക്താക്കളുടെ സംഭാഷണങ്ങളെ ‘പുതിയ ഉപയോക്താക്കൾ’ അല്ലെങ്കിൽ ‘പെന്‍ഡിംഗ് ഓർഡറുകൾ’ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുന്നതിലൂടെ ചാറ്റുകളും സന്ദേശങ്ങളും എളുപ്പത്തിൽ ഓർഗനൈസ് ചെയ്യാനും തിരയാനും സഹായിക്കുന്നു.

ബിസിനസ്സ് പ്രമേയമുള്ള സ്റ്റിക്കർ പായ്ക്കുകൾ

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ബിസിനസ്സ് പ്രമേയമുള്ള സ്റ്റിക്കർ പാക്കുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സ്ആപ്പിന്‍റെ ആദ്യത്തെ ആനിമേറ്റ് ചെയ്‌ത സ്റ്റിക്കറുകളിൽ ചിലതാണ് ‘ഓപ്പണ്‍ ഫോര്‍ ബിസിനസ്സ്’ സ്റ്റിക്കർ പായ്ക്കുകൾ. ഈ സ്റ്റിക്കറുകൾ ഇരുപതിലധികം പുതിയ ഡിസൈനുകൾ ഉൾക്കൊള്ളുന്ന യുണീക് കളക്ഷനാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*