
ഗെയിമർമാരെ ആവേശത്തിലാഴ്ത്തുവാന്‍ സോണിയുടെ പ്ലേസ്റ്റേഷൻ 5 ഗെയിം കൺസോളും അനുബന്ധ ഉപകരണങ്ങളും നവംബറിൽ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്ക, കാനഡ, ജപ്പാൻ, മെക്സിക്കോ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നവംബർ 12ന് പ്ലേസ്റ്റേഷൻ 5 പുറത്തിറങ്ങും. 499 ഡോളർ ആയിരിക്കും ഇതിന്റെ വില. അതേസമയം, പ്ലേസ്റ്റേഷൻ ഡിജിറ്റൽ എഡിഷന് 399 ഡോളർ ആയിരിക്കും വില. ഇന്ത്യയില്‍ ഈ ഡിവൈസുകള്‍ എന്ന് ലഭ്യമാകുമെന്നും വിലയെ കുറിച്ചും വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.
സോണി പ്ലേസ്റ്റേഷൻ 5-ല്‍ ഒരു ഫോർ 4കെ ബ്ലൂറേ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്ലേ സ്റ്റേഷന് 5ന്റെ ഡിജിറ്റൽ എഡിഷന് സ്ട്രീം ചെയ്യാനും പ്ലേസ്റ്റേഷൻ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കളിക്കാനും മാത്രമേ സാധിക്കൂ. പ്ലേസ്റ്റേഷൻ 5-ല്‍ 8കോര്‍ AMD സെന്‍ 2സിപിയു, AMD RDNA-8 അടിസ്ഥാനമാക്കിയ ജിപിയു എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. 16ജിബി സിസ്റ്റം മെമ്മറിയുള്ള ഇതിൽ 120Hz റിഫ്രഷ് റെയ്റ്റില്‍ 4കെ ഗ്രാഫിക്സ്, 3ഡി ഓഡിയോ എന്നിവ പിന്തുണയ്ക്കുന്നു. ഗെയിം ലോഡിങ് സമയം മെച്ചപ്പെടുത്തുന്നതിന് സോണി ഒരു കസ്റ്റം എസ്എസ്ഡി ഉപയോഗിക്കുന്നു. ഗെയിമുകളും നിങ്ങളുടെ മോണിറ്റർ 8കെ പിന്തുണയ്ക്കുകയും ചെയ്താൽ പ്ലേസ്റ്റേഷന്‍ 5ന് 8കെ റെസല്യൂഷനില്‍ ഗെയ്മുകള് റെന്‍ഡര്‍ ചെയ്യാന്‍ സാധിക്കും.
മൈക്രോസോഫ്റ്റിന്റെ എക്സ് ബോക്സ് സീരിസ് എക്സും, എക്സ്ബോക്സ് സീരിസ് എസുമാണ് ഇതിന്റെ മുഖ്യ എതിരാളികൾ. പിഎസ് 5-നായി പ്ലേസ്റ്റേഷൻ പ്ലസ് കളക്ഷൻ സോണി അവതരിപ്പിച്ചിട്ടുണ്ട്. അധിക ചെലവില്ലാതെ ഒരു കൂട്ടം പിഎസ്4 ഗെയിമുകള്‍ കളിക്കുവാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്ന ഒരു സബ്സ്ക്രിപ്ഷൻ സേവനമാണിത്. ഗോഡ് ഓഫ് വാര്, ബ്ലഡ്ബോണ്, മോൺസ്റ്റർ ഹണ്ടര്‍ വേള്‍ഡ് എന്നിവയുൾപ്പെടെയുള്ള ഗെയിമുകൾ പ്ലേസ്റ്റേഷൻ പ്ലസില്‍ ലഭിക്കും.
Leave a Reply