ക്രോമിയം അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൻ്റെ ഭാഗമാവുകയാണ്. അതിനാൽ ഇനിമുതൽ മൈക്രോസോഫ്റ്റ് എഡ്ജിനെ സിസ്റ്റത്തിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. HTML അടിസ്ഥാനമാക്കിയുള്ള പഴയ എഡ്ജ് ലെഗസി പതിപ്പിന് പകരമായാണ് ക്രോമിയം എഡ്ജ് ബ്രൗസർ അവതരിപ്പിക്കുന്നത്. വിൻഡോസിൻ്റെ അടുത്ത അപ്ഡേറ്റിൽ ഈ മാറ്റം നിലവിൽ വരുന്നതാണ്.
പഴയ വിൻഡോസ് എക്സ്പ്ലോറർ ബ്രൗസറിന് പകരമായിട്ടായിരുന്നു HTML അടിസ്ഥാനമായ എഡ്ജ് ബ്രൗസറിനെ അവതരിപ്പിച്ചിരുന്നത്. സാധാരണ ബ്രൗസറുകളെ പോലെ ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും അൺഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷൻ ആയിരുന്നു ക്രോമിയം എഡ്ജ് ബ്രൗസർ.
പഴയ എഡ്ജ് ഉപയോക്താക്കൾ എല്ലാം ഇതിലേക്ക് മാറിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വിൻഡോസ് കംപ്യൂട്ടറുകളിൽ അവ സ്ഥിരമാക്കുകയാണെന്നും ആണ് മൈക്രോസോഫ്റ്റ് അറിയിച്ചത്.
സാധാരണഗതിയിൽ പുതിയ കംപ്യൂട്ടർ വാങ്ങിയാൽ ഗൂഗിൾ ക്രോം ബ്രൗസർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി മാത്രമായിരുന്നു വിൻഡോസ് എക്സ്പ്ലോററും HTML അടിസ്ഥാനമാക്കിയുള്ള എഡ്ജ് ബ്രൗസറും ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ക്രോം ബ്രൗസർ ഇൻസ്റ്റാൾ ചെയ്യപ്പെട്ടുകഴിഞ്ഞാൽ പിന്നെ ഇവയൊന്നും ഉപയോഗിക്കാറില്ല. എന്നാൽ, പുതിയ ക്രോമിയം അടിസ്ഥാനമാക്കിയുള്ള എഡ്ജ് ബ്രൗസർ ഗൂഗിൾ ക്രോമിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം, ഗൂഗിളിൻ്റെ ഓപ്പൺ സോഴ്സ് പ്രോഗ്രാമായ ആയ ഗൂഗിൾ ക്രോമിയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രൗസറാണ് എഡ്ജ്. അതിനാൽ ഗൂഗിൾ ക്രോം ബ്രൗസറിലേതിന് സമാനമായ ഒട്ടുമിക്ക സൗകര്യങ്ങളും എഡ്ജ് ബ്രൗസറിൽ ഉണ്ട്. കൂടാതെ, മികച്ച പ്രകടനവും വേഗതയും സുരക്ഷയും ഇത് വാഗ്ദാനം ചെയ്യുന്നു.
വിൻഡോസിൽ സിസ്റ്റം അപ്ഡേറ്റിനൊപ്പം സ്ഥിരപ്പെടുത്തുന്ന എഡ്ജ് ബ്രൗസർ പുതിയ കംപ്യൂട്ടറുകളിൽ പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ടിവരില്ല. എഡ്ജ് ബ്രൗസറിന് ആൻഡ്രോയ്ഡ് പതിപ്പും ഉണ്ടാകുന്നതാണ്.
Leave a Reply