ജിയോമാർട്ട് വെബ്‌സൈറ്റിന് വ്യാജന്മാർ; മുന്നറിയിപ്പുമായി റിലയൻസ് ജിയോ

jio mart

ഏതാനും മാസങ്ങൾക്ക് മുൻപ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ച ജിയോമാർട്ട് റീട്ടെയിൽ പ്ലാറ്റ്ഫോം വിവിധ സ്ഥലങ്ങളിലായി പലചരക്ക് വിൽപ്പന നടത്തിവരുന്നു. പകർച്ചവ്യാധികൾക്കിടയിൽ വീട്ടിൽ ഇരിക്കുന്ന ഉപയോക്താക്കൾക്ക് പ്രാദേശിക റീട്ടെയിൽ ഷോപ്പുകൾ വഴി ഏറ്റവും കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ സഹായിക്കുക എന്നതായിരുന്നു ഉദ്ദേശത്തോടെ ആരംഭിച്ച സംരംഭമാണിത്. എന്നാലിപ്പോൾ ഇന്റർനെറ്റ് സൈബർ ഭീഷണി സംഭവങ്ങൾ കൂടുതലായി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ജിയോമാർട്ട് വെബ്‌സൈറ്റിനും വ്യാജപതിപ്പുകൾ ഉണ്ടാക്കിയിരിക്കുകയാണ് ഹാക്കർമാർ.

ഉപഭോക്താവിൽ നിന്ന് പണം മോഷ്ടിക്കുവാനാണ് ഹാക്കർമാർ വ്യാജ ജിയോമാർട്ട് വെബ്‌സൈറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.
ഉപഭോക്താക്കളെ കബളിപ്പിക്കാൻ ജിയോമാർട്ട് വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റുകളും ഹാക്കർമാർ ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചില ഹാക്കർമാർ ന്യായമായ നിരക്കിൽ ഒരു ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റുകൾ പോലും നിർമ്മിച്ചിട്ടുണ്ട്.

റിലയൻസ് റീട്ടെയിൽ ഇത്തരം വ്യാജവെബ്സൈറ്റുകളെ സംബന്ധിച്ച് കമ്പനിയുടെ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും മറ്റും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആളുകളെ കബളിപ്പിക്കുന്ന 10 വ്യാജ ജിയോമാർട്ട് വെബ്‌സൈറ്റുകൾ വരെ കണ്ടെത്താൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. വ്യാജവെബ്സൈറ്റുകളുടെ ലിങ്കുകൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.

വ്യാജ വെബ്‌സൈറ്റുകളും യഥാർത്ഥ വെബ്‌സൈറ്റും തമ്മിൽ വേർതിരിച്ച് മനസിലാക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന വെബ്സൈറ്റ് എല്ലായ്പ്പോഴും പരിശോധിച്ച് അത് വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പണമിടപാട് നടത്തുന്ന വെബ്സൈറ്റുകൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. വെബ്സൈറ്റ് വ്യാജമല്ലെന്ന് ഉറപ്പാക്കാൻ യുആർഎൽ, ലോഗോ എന്നിവ പരിശോധിക്കുക. ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ റിലയൻസ് കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടാനുള്ള സൗകര്യം കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*