വിടവാങ്ങാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ

internet explorer

ഇന്റർനെറ്റ് എക്സ്പ്ലോറർ യുഗം പരിസമാപ്തിയിലേക്ക്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പഴക്കമുള്ള ബ്രൗസിംഗ് എഞ്ചിനായ ഇന്റർനെറ്റ് എക്സ്പ്ലോററിന് നൽകുന്ന പിന്തുണ കമ്പനി അടുത്ത വർഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ ബ്രൗസർ എന്ന് കേൾവികേട്ട ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ വിടവാങ്ങൽ ബ്രൗസിംഗ് രംഗത്ത് വലിയ തകർച്ചകളൊന്നും ഉണ്ടാക്കാൻ സാധ്യതയില്ല.

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ തുടക്കം

മൈക്രോസോഫ്റ്റ് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസിന്റെ കൂടെയാണ് ഐഇ പുറത്തിറക്കിയത്. 1995 ഓഗസ്റ്റ് 16 നായിരുന്നു ഐഇ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗ്രാഫിക്കൽ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ ആദ്യമായി റിലീസ് ചെയ്തത്. 2002-2003 കാലയളവിൽ ഏതാണ്ട് 95% കംപ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത് ഈ ബ്രൗസറായിരുന്നു.

ഇന്റർനെറ്റ് എക്സ്പ്ലോറർ പ്രശസ്തമായത് എങ്ങനെ?

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ തുടക്കം തന്നെ ടെക്നോളജി രംഗത്തെ ആദ്യ ആന്റിട്രസ്റ്റ് വിവാദത്തോടെ ചേർന്ന് നിൽക്കുന്നതാണ്. 1995 ൽ ഐ‌ഇ ആരംഭിച്ചപ്പോൾ അന്നത്തെ പ്രബലമായ ബ്രൗസറായിരുന്ന നെറ്റ്സ്കേപ്പ് നാവിഗേറ്റർ നിർമ്മിക്കാൻ ഉപയോഗിച്ച കോഡിന് കമ്പനി ലൈസൻസ് നേടി. ഐ‌ഇ നിർമ്മിക്കാൻ ഈ കോഡ് ഉപയോഗിക്കുകയും വിൻഡോസുമായി ബണ്ടിൽ ചെയ്യുകയും ചെയ്തു. അന്ന് നെറ്റ്സ്കേപ്പ് നാവിഗേറ്ററിന് 49 ഡോളർ വിലയുണ്ടായിരുന്നു. ഐഇ വിൻഡോസിനൊപ്പം സൗജന്യമായി നൽകാൻ ആരംഭിച്ചതോടെ പ്രശ്നങ്ങളും ആരംഭിച്ചു. ഈ പ്രശ്നങ്ങൾ ആന്റിട്രസ്റ്റ് കേസിലേക്ക് എത്തി. ഈ കേസിനെ തുടർന്ന് മൈക്രോസോഫ്റ്റിന് പല നിയന്ത്രണങ്ങളും നേരിടേണ്ടി വന്നു.

കോടതി നിയന്ത്രണങ്ങളുടെ ഭാഗമായി കംപ്യൂട്ടർ നിർമ്മാതാക്കളുമായും സോഫ്റ്റ് വെയർ ഡെവലപ്പർമാരുമായും എക്സ്ക്ലൂസീവ് ഇടപാടുകൾ നടത്തുന്നതിന് മൈക്രോസോഫ്റ്റിന് വിലക്ക് ഉണ്ടായി. മറ്റ് ഡെവലപ്പർമാർക്ക് ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകളിലൂടെ (എപിഐ) വിൻഡോസ് സോഴ്‌സ് കോഡ് ഓപ്പൺ ചെയ്ത് നൽകുന്നതിലേക്ക് കമ്പനി തിരിഞ്ഞു. അതിനാൽ വിൻഡോസിൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ നിർമ്മിക്കാൻ മറ്റുള്ള കമ്പനികൾക്കും സാധിച്ചു. മൈക്രോസോഫ്റ്റിന് തങ്ങളുടെ പിസിയിൽ ഉണ്ടായിരുന്ന ആധിപത്യം വലിയ തോതിൽ നഷ്ടപ്പെട്ടു. അക്കാലത്തെ ഒരേയൊരു “സ്മാർട്ട്” എക്കോ സിസ്റ്റം ആയിരുന്ന മൈക്രോസോഫ്റ്റിന്റെ സ്വാധീനം വിൻഡോസിൽ കുറഞ്ഞതോടെ ഇന്റർനെറ്റ് എക്സ്പ്ലോററിനെ അത് സാരമായി ബാധിച്ചു.

ഐഇയുടെ ആധിപത്യം നഷ്ടപ്പെട്ടതെങ്ങനെ?

ആന്റിട്രസ്റ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും 2004ൽ ഇന്റർനെറ്റ് എക്സ്പ്ലോറർ പി‌സികളിലെ ബ്രൗസർ മാർക്കറ്റിന്റെ 90% കൈയ്യടക്കി വച്ചിരുന്നു. ഈ സമയത്താണ് മോസില്ല ഫയർഫോക്സ് സജീവമാകുന്നത്. 2008 ൽ ഗൂഗിൾ ക്രോം പുറത്തിറക്കിയതോടെ മത്സരം ശക്തമായി. വെറും 5 വർഷത്തിനുള്ളിൽ, ഗൂഗിൾ ബ്രൗസർ മാർക്കറ്റ് പിടിച്ചെടുത്തു. 2013 ഓടെ ഐ‌ഇയുടെ ഷെയർ 30% ൽ താഴെ മാത്രമായി. ഇന്ന് ഐഇയുടെ വിപണി വിഹിതം 1% ആണ്. ജൂലൈയിലെ കണക്കനുസരിച്ച്, ഐ‌ഇ, എഡ്ജ് എന്നിവയുടെ മൊത്തം വിഹിതം 9% ആണ്.

വെബ് ചരിത്രത്തിൽ ഐഇയുടെ സ്വാധീനം

ഇന്റർനെറ്റിലേക്കുള്ള ഒരു കാലത്തെ ആളുകളുടെ കവാടമായിരുന്നു ഇന്റർനെറ്റ് എക്സ്പ്ലോറർ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, 90 കളുടെ അവസാനത്തിലും 2000 ത്തിന്റെ തുടക്കത്തിലും ഇന്റനെറ്റ് എക്സ്പ്ലോററായിരുന്നു ഇന്റർനെറ്റിന്റെ മുഖം. ‘ആപ്ലിക്കേഷനുകൾ’ എന്ന ആശയം എത്തിയിട്ടില്ലാത്ത കാലത്ത് ഇന്റർനെറ്റിൽ നിന്ന് ആവശ്യമുള്ളതെല്ലാം ബ്രൗസറിലൂടെ മാത്രമേ ലഭ്യമായിരുന്നുള്ളു. സ്മാർട്ട്‌ഫോണുകളുടെ വ്യാപനതോടെയാണ് ഇതെല്ലാം മാറിയത്.

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ അവസാനം

ഒരുകാലത്ത് പ്രബലമായ വെബ് ബ്രൗസറായിരുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നവംബർ 30 മുതൽ മൈക്രോസോഫ്റ്റ് ടീമുകളുടെ വെബ് ആപ്ലിക്കേഷൻ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായ IE11- ൽ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കും. 2021 ഓഗസ്റ്റ് 17 ന് കമ്പനിയുടെ മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ, ഔട്ട്‌ലുക്ക്, വൺ‌ഡ്രൈവ് എന്നിവയടക്കമുള്ളവ IE11 ലേക്ക് കണക്റ്റുചെയ്യുന്നതും അവസാനിപ്പിക്കും.

ഇത്തരത്തിൽ ചരിത്ര താളുകളിലേക്ക് മൈക്രോസോഫ്റ്റ് മറയുവാൻ ഒരുങ്ങുമ്പോൾ കമ്പനി തങ്ങളുടെ ഉപയോക്താക്കളോട് ബിൽറ്റ്-ഇൻ ഐഇ മോഡുള്ള എഡ്ജിലേക്ക് മാറാൻ ആവശ്യപ്പെടുകയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*