ഇന്ത്യയുടെ 74- മത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന ഡിജിറ്റൽ ആരോഗ്യ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയാണിത്.
ജനങ്ങൾക്ക് മികച്ച ആരോഗ്യ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് പുതിയ ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്റെ പരമപ്രധാനമായ ലക്ഷ്യം.
ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി
രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ആയുഷ്മാൻ ഭാരത് പോലുള്ള മറ്റൊരു പദ്ധതിയാണിത്. പൂർണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭമാണിത്. ഓരോ ഇന്ത്യക്കാരനും അവരവരുടെ മെഡിക്കൽ വിവരങ്ങളെ കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാർഡ് ഈ പദ്ധതിയിലൂടെ ലഭിക്കും.
എല്ലാവർക്കും മികച്ച ആരോഗ്യ സംരക്ഷണം നൽകുന്നതിന് ഓപ്പൺ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സാധിക്കും. ജനങ്ങളുടെ നിലവിലുള്ള ആരോഗ്യവിവര സംവിധാനങ്ങളെ ഇതിലേക്ക് സമന്വയിപ്പിക്കും. വ്യക്തിവിവരങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നു.
പദ്ധതിയുടെ ഭാഗമായി ഓരോ പൗരനും ആരോഗ്യ തിരിച്ചറിയൽ കാർഡ് ലഭ്യമാകും. കാർഡ് ഉടമകളുടെ വിവരങ്ങൾ പൂർണ്ണമായും ഡേറ്റാ ബെയ്സായാണ് സർക്കാർ സൂക്ഷിക്കുക. കാർഡ് ഉടമ രോഗനിർണ്ണയം നടത്തുകയോ പരിശോധനയ്ക്ക് വിധേയരാകുകയോ ചികിത്സ തേടുകയോ ചെയ്യുന്നപക്ഷം വിവരങ്ങൾ തത്സമയം ഡേറ്റാബെയ്സിൽ ചേർക്കപ്പെടും.
അതിനാൽ, രോഗിയുടെ മുഴുവൻ വിവരങ്ങളും ആരോഗ്യ തിരിച്ചറിയൽ കാർഡ് വഴി ഡോക്ടേഴ്സിന് അറിയാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ രൂപത്തിലായിരിക്കും ആരോഗ്യ ഐഡി ലഭ്യമാക്കുക. സ്വമേധയാ പൗരന്മാർക്ക് പദ്ധതിയിൽ ചേരാവുന്നതാണ്.
Leave a Reply