വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചില കാരണങ്ങളാൽ പുറത്തുപോകാൻ കഴിയാതെ വരുമ്പോൾ അടിക്കടി വരുന്ന നോട്ടിഫിക്കേഷനുകൾ നമുക്ക് ബുദ്ധിമുട്ടാകാറുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് പ്രയോജനകരമായേക്കാവുന്ന ഒരു പുതിയ സവിശേഷത വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഗ്രൂപ്പുകളെ അനിശ്ചിതമായി നിശബ്ദമാക്കാൻ ഈ പുതിയ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.
വാട്‌സ്ആപ്പ് സവിശേഷതകൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2.20.197.3 അപ്‌ഡേറ്റിലാണ് പുതിയ സവിശേഷത ലഭ്യമാകുന്നത്.
വാട്സ്ആപ്പിന്റെ ഇപ്പോഴത്തെ പതിപ്പിൽ വിവിധ സമയത്തേക്ക് ഗ്രൂപ്പുകളെ മ്യൂട്ടുചെയ്യാനുള്ള ഓപ്ഷനുകളാണ് ഉപയോക്താക്കൾക്ക് നൽകിയിട്ടുള്ളത്. അതായത് 8 മണിക്കൂർ, 1 ആഴ്ച അല്ലെങ്കിൽ 1 വർഷം എന്നീ ഓപ്ഷനുകളിൽ ആയി ഈ സൗകര്യം പരിമിതപ്പെടുത്തിയിരിന്നു. എന്നാൽ പുതിയ ബീറ്റ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കളെ ‘Always’ ഓപ്ഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതാണ്. 1 വർഷത്തെ ഓപ്ഷനുപകരമായാണ് പുതിയ ഓപ്ഷൻ ചേർത്തിരിക്കുന്നത്.
പുതിയ സവിശേഷത ധാരാളം അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ നിന്നുള്ള തുടർച്ചയായ നോട്ടിഫിക്കേഷനുകൾ നിർത്താൻ വാട്‌സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചർ ഭാവിയിലെ അപ്‌ഡേറ്റുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Leave a Reply