കാലാവസ്ഥാ അപ്‌ഡേറ്റുകൾ ട്രാക്കുചെയ്യുവാൻ ഉപയോക്താക്കൾക്ക് സർക്കാരിന്റെ മൗസം ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. കാലാവസ്ഥാ പ്രവചനവും സർക്കാറിന്റെ മുന്നറിയിപ്പ് സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഭൗമശാസ്ത്ര മന്ത്രാലയം ‘മൗസം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
കാലാവസ്ഥാ പ്രവചനങ്ങൾ കൂടാതെ, ഉപയോക്താക്കൾക്ക് റഡാർ ഇമേജുകൾ ആക്സസ്സ് ചെയ്യാനും വരാനിരിക്കുന്ന കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ഇതിൽ സാധിക്കുന്നതാണ്.
‘മൗസം’ ആപ്ലിക്കേഷനിൽ ലഭ്യമായ ഏതാനും ചില സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ:
നിലവിലെ കാലാവസ്ഥ:
200 നഗരങ്ങളിലെ നിലവിലെ താപനില, ഈർപ്പം, കാറ്റിന്റെ വേഗത, ദിശ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ഡേറ്റകൾ ഒരു ദിവസം 8 തവണ അപ്‌ഡേറ്റുചെയ്യും. സൂര്യോദയം, സൂര്യാസ്തമയം, ചന്ദ്രോദയം, മൂൺസെറ്റ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നു.
നൗകാസ്റ്റ്:
ഒരു സ്ഥലത്തിന്റെ പ്രാദേശിക കാലാവസ്ഥയുടെ മൂന്ന് മണിക്കൂർ നേരത്തെ മുന്നറിയിപ്പുകൾ നൽകുകയും, ആ സ്ഥലത്തിന്റെ കാലാവസ്ഥ വിവരങ്ങൾ 800 ഓളം സ്റ്റേഷനുകൾക്കും ജില്ലകൾക്കും ഈ ആപ്പ് എത്തിക്കും. ഉടൻ സങ്കീർണമായ കാലാവസ്ഥയാണ് കണ്ടെത്തുന്നതെങ്കിൽ അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെപ്പറ്റിയും വിവരങ്ങൾ നൽകും.
നഗര പ്രവചനം:
ഇന്ത്യയിലെ 450 നഗരങ്ങളിലെ കഴിഞ്ഞ 24 മണിക്കൂറത്തെ കാലാവസ്ഥയും, വരുന്ന 7 ദിവസത്തെ കാലാവസ്ഥ പ്രവചനത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുന്നു.
മുന്നറിയിപ്പുകൾ:
അപകടകരമായ കാലാവസ്ഥ ഉണ്ടാകുമ്പോൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി എല്ലാ ജില്ലകൾക്കും അടുത്ത അഞ്ച് ദിവസത്തേക്ക് കളർ കോഡിൽ (ചുവപ്പ്, ഓറഞ്ച്, മഞ്ഞ) ദിവസത്തിൽ രണ്ടുതവണ അലേർട്ടുകൾ നൽകുന്നു. കളർ കോഡ് റെഡ് ഏറ്റവും കടുത്ത വിഭാഗമാണ്, നടപടിയെടുക്കാൻ അധികാരികളെ പ്രേരിപ്പിക്കുന്നു, ഓറഞ്ച് കോഡ് അധികാരികളെയും പൊതുജനങ്ങളെയും ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുന്നു, യെല്ലോ കോഡ് കാലാവസ്ഥയെപ്പറ്റി പേടിക്കേണ്ട എന്നും കൂടുതൽ അപ്‍ഡേറ്റുകൾക്കായി കാത്തിരിക്കുക എന്നും ആണ് പ്രതിപാദിക്കുക.
ICRISAT- ന്റെ ഡിജിറ്റൽ അഗ്രികൾച്ചർ & യൂത്ത് (DAY) ടീം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM), പൂനെ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് എന്നിവ സംയുക്തമായാണ് മൊബൈൽ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Leave a Reply