ഉപയോക്താക്കൾക്ക് സൗകര്യപ്രദമാകുന്നരീതിയിൽ മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ജിയോമാർട്ടിനായുള്ള ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകൾ റിലയൻസ് പുറത്തിറക്കി. ഇതുവരെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമായിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ഔദ്യോഗിക ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ആർഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി രാജ്യത്തെ 200 നഗരങ്ങളിൽ ബീറ്റ മോഡിൽ പ്ലാറ്റ്ഫോം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോമാർട്ട് ആപ്ലിക്കേഷനുകൾ പുറത്തിറങ്ങുന്നത്. പൈലറ്റ് പ്രോഗ്രാമിന്റെ തുടക്കം മുതൽ എല്ലാ ദിവസവും 250000 ഇടപാടുകൾ ജിയോമാർട്ട് കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പലചരക്ക് സാധനങ്ങൾക്ക് പുറമേ, വരും ദിവസങ്ങളിൽ ഇലക്ട്രോണിക്സ്, ഫാഷൻ, ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ എന്നിവയും ഉൾപ്പെടുത്തി ജിയോമാർട്ട് വിപുലീകരിക്കും. കൂടാതെ,വരും വർഷങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയും ചെയ്യും.
എന്താണ് ജിയോമാർട്ട്?
ഇ-കൊമേഴ്‌സ് രംഗത്തേക്കുള്ള റിലയൻസിന്റെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ജിയോമാർട്ട്. ഉപഭോക്താക്കളെ അവരുടെ പ്രദേശങ്ങളിലെ ചെറുകിട സ്റ്റോറുകളുമായി ബന്ധിപ്പിക്കാൻ സഹായിക്കുക എന്നതാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. ഉപഭോക്താവും വിൽപ്പനക്കാരനും തമ്മിൽ എളുപ്പത്തിലുള്ള ആശയവിനിമയത്തിന് വാട്സ്ആപ്പിനെ ആശ്രയിക്കുന്നു.
മറ്റ് നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ പോലെ, ഉപയോക്താക്കൾക്ക് സൗജന്യ ഹോം ഡെലിവറി, മിനിമം ഓർഡർ മൂല്യം എന്നിവ പോലുള്ള ആനുകൂല്യങ്ങൾ നേടാൻ സാധിക്കും. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കായുള്ള സോഡെക്സോ എന്നിവ പോലുള്ള ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകളെ ഇത് പിന്തുണയ്ക്കുന്നു. ജിയോമാർട്ട് സേവനം ആരംഭിക്കുന്നതിന് നിങ്ങൾ ഒരു ജിയോ ഉപഭോക്താവ് ആകേണ്ടതില്ല എന്നൊരു സവിശേഷതയുമിതിനുണ്ട്.
Leave a Reply