സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ്-19 ട്രേസിംഗ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ഡൗൺലോഡുകൾ ഏപ്രിൽ മാസത്തിൽ 80.8 ദശലക്ഷം ആയി ഉയർന്നപ്പോൾ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നുമായി ജൂലൈ വരെ മൊത്തം 127.6 ദശലക്ഷം ഡൗൺലോഡുകളാണ് ആരോഗ്യ സേതു നേടിയത്.
ലോകമെമ്പാടും ഉപയോഗിക്കുന്ന കോവിഡ് -19 ട്രേസിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച്, സർക്കാർ അംഗീകാരമുള്ള മറ്റ് ആപ്ലിക്കേഷനുകളെ ആരോഗ്യ സേതു മറികടന്നിരിക്കുകയാണ്. ആരോഗ്യ സേതുവിന്റെ മൊത്തം ഡൗൺലോഡുകളുടെ എണ്ണം ആഗോളതലത്തിൽ ഏറ്റവും ഉയർന്നതാണെങ്കിലും കോവിഡ്-19 ട്രാക്കിംഗ് ആപ്ലിക്കേഷന്റെ ഉപയോഗ നിരക്ക് കണക്കിലെടുക്കുമ്പോൾ ഇന്ത്യ നാലാമത്തെ രാജ്യമാണ്.
ഓസ്ട്രേലിയയിലെ കോവിഡ്സേഫ് ആപ്ലിക്കേഷൻ ജനങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗ നിരക്ക് നേടിയത്. ഇത് 4.5 ദശലക്ഷം തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 21.6 ശതമാനം പ്രതിനിധീകരിക്കുന്നു. മെയ് 20-ന് റാങ്ക് കുറയുന്നതിനുമുന്പ് 24 ദിവസത്തേക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ കോവിഡ് സേഫ് ആപ്ലിക്കേഷൻ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കോവിഡ് ട്രാക്കിംഗ് ആപ്പ് ഉപയോഗിക്കുന്നവരുടെ നിരക്ക് പരിശോധിക്കുമ്പോള്‍ തുർക്കി രണ്ടാം സ്ഥാനത്തും ജർമ്മനി മൂന്നാം സ്ഥാനത്തുമാണ്.
സർവേയിൽ പങ്കെടുത്ത 14 രാജ്യങ്ങളിൽ (ഓസ്ട്രേലിയ, തുർക്കി, ജർമ്മനി, ഇന്ത്യ, ഇറ്റലി, പെറു, ജപ്പാൻ, സൗദി അറേബ്യ, ഫ്രാൻസ്, ഇന്തോനേഷ്യ, തായ് ലാൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്) മൊത്തം 1.9 ബില്ല്യണിന്റെ ജനസംഖ്യ മാത്രമാണുള്ളത്. ഇതില്‍ 173 ദശലക്ഷം പേര് മാത്രമേ ഗവൺമെന്റിന്റെ കോവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളൂ.
കോവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷനുകളുടെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതല്ല ഈ സംഖ്യകൾ എന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ മുതിർന്ന സ്കോളറെ ഉദ്ധരിച്ച് സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു. ഉദാഹരണത്തിന്, ലോകത്ത് ഏറ്റവുമധികം ഇൻസ്റ്റാളുകൾ ഉണ്ടായിട്ടും ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുവാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും ആരോഗ്യ സേതു ആപ്ലിക്കേഷൻ പല സന്ദര്‍ഭങ്ങളിലും രാജ്യത്ത് സഹായകവുമായിട്ടുണ്ട്.
Leave a Reply