പോലീസ് സേവനങ്ങൾ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പോല്‍-ആപ്പ്( POL-APP ) എന്ന മൊബൈല്‍ ആപ്ലിക്കേഷന് ഉപയോക്താക്കള്‍ക്കിടയില്‍ വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. തുടക്കത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ മാത്രം ലഭ്യമാക്കിയ ആപ്പിന് ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ 65000ല്‍ അധികം ഡൗൺലോഡുകൾ ആണ് ഉണ്ടായത്. ഇപ്പോൾ ഈ ആപ്പ് ഐഓഎസ് പ്ലാറ്റ്ഫോമുകളെയും പിന്തുണയ്ക്കുന്നുണ്ട്.
മൊബൈല്‍ നമ്പര്‍ മാത്രം നല്‍കി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ്പിന്‍റെ പ്രവര്‍ത്തനത്തിന് ഫോണിലെ ലൊക്കേഷന്‍ സര്‍വീസ് എനേബിള്‍ ആയിരിക്കണം. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ആപ്ലിക്കേഷൻ, ഉപയോക്താവ് നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍റെ സേവനം ലഭ്യമാക്കി തരും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. 27-ല്‍ പരം സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള ആപ്പില്‍ ഉടൻതന്നെ 15 സേവനങ്ങൾ കൂടി ലഭ്യമാക്കുന്നതാണ്.
ആപ്പിലെ ഏതാനും ചില സേവനങ്ങള്‍
- കേരള പോലീസിലെ എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, ഇമെയിൽ ഐഡി ലഭ്യം.
- പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് അറിയാം.
- മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാം.
- പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കായുള്ള ഫീസുകൾ ട്രഷറിയിലേക്ക് അടയ്ക്കുവാൻ ആപ്പ് പ്രയോജനപ്പെടുത്താം.
- വനിതകൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നു.
- പോലീസ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേക്ക് സേവനം ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കാം.
- വീട് പൂട്ടി പുറത്തുപോകുന്ന അവസരങ്ങളില്‍ അക്കാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാം.
- കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിനെ അറിയിക്കാം
- ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾക്കൊപ്പം അവരുടെ ഫോട്ടോ ജിയോ ടാഗ് ചെയ്ത് നല്‍കാവുന്നതുമാണ്.
- പൊതുജനങ്ങളെ ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്നതിനായി ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ, പ്രധാനപ്പെട്ട സർക്കാർ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവ ആപ്പിലൂടെ ആക്സസ്സ് ചെയ്യാം.
പോലീസിനെ സംബന്ധിച്ച് ജനങ്ങൾ അറിയേണ്ട എല്ലാ വിവരങ്ങളും ആപ്പില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ,പോലീസിന്‍റെ എല്ലാ സോഷ്യൽ മീഡിയ പേജുകളും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നവർക്ക് അനുഭവങ്ങൾ പങ്കുവയ്ക്കുവാനായി ‘റെയ്റ്റ് പോലീസ് സ്റ്റേഷന്‍’ എന്ന വിഭാഗവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply