ഇൻകോഗ്നിറ്റോ മോഡലാണ്,സുരക്ഷിതമാണ് എന്നൊക്കെ വിചാരിച്ച് ഇനി കൂടുതൽ തിരയേണ്ട. ഇൻകോഗ്നിറ്റോ മോഡിലും ഷവോമി ഉപയോക്താക്കളുടെ ബ്രൗസർ ഡേറ്റ ചോർത്തുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിമോട്ട് സെർവറിലേക്ക് ഉപയോക്തൃ ഡേറ്റകൾ രഹസ്യമായി അയയ്ക്കുന്നു എന്ന ആരോപണമാണ് ഷവോമിക്കെതിരെ വീണ്ടും ഉയർന്നിരിക്കുന്നത്. ചൈനീസ് കമ്പനിയായ ആലിബാബ ഹോസ്റ്റ് ചെയ്യുന്ന റിമോട്ട് സെർവറുകളിലേയ്ക്ക് ഡേറ്റ കൈമാറ്റത്തിനുള്ള പഴുതുകൾ ഫോണുകളിൽ നൽകിയിരിക്കുന്നതായാണ് സുരക്ഷാ ഗവേഷകർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷവോമിയുടെ റെഡ്മി, എം ഐ സീരീസ് ഫോണുകളിലെ ഡിഫോൾട്ട് ബ്രൗസറുകൾ ഇൻകോഗ്നിറ്റോ മോഡിലേയ്ക്ക് മാറുമ്പോഴും ഉപയോക്താക്കളുടെ സെർച്ച് ഹിസ്റ്ററി റെക്കോർഡ് ചെയ്യപ്പെടും.
അതേസമയം,സുരക്ഷാ ഗവേഷകരുടെ ആരോപണങ്ങൾ ഷവോമി നിരസിച്ചിരിക്കുകയാണ്. ഇൻകോഗ്നിറ്റോ മോഡിൽ വിവരങ്ങൾ ശേഖരിക്കുന്നില്ല എന്ന് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഷവോമിയുടെ സ്വന്തം സെർവറുകളിൽ സ്റ്റോർ ചെയ്തിരിക്കുന്ന അനോണിമസ് ബ്രൗസിംഗ് ഡേറ്റ ഉപയോക്താക്കളുടെ യൂസർ എക്സ്പീരിയൻസ് മികവുറ്റതാക്കി മാറ്റുന്നതിന് സെൻസർ അനലിറ്റിക്സുമായി പങ്കുവയ്ക്കുന്നു എന്ന് ഷവോമി വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും സ്റ്റാർട്ടപ്പുമായോ മറ്റേതെങ്കിലും മൂന്നാം കക്ഷികളുമായോ ഡേറ്റ പങ്കിടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഷവോമി ഡിവൈസുകളിൽ വ്യക്തമായ അനുമതിയില്ലാതെ ഉപയോക്തൃ ഡേറ്റ സ്വന്തമാക്കാൻ ബാക്ക്ഡോർ ഉണ്ടെന്ന് കണ്ടെത്തുന്നത് ഇതാദ്യമല്ല. ഇങ്ങനെയൊക്കോണെങ്കിലും,റിപ്പോർട്ട് ചെയ്തിട്ടുള്ള സുരക്ഷാ പ്രശ്നങ്ങൾ ഒന്നും കമ്പനിയുടെ ബിസിനസ്സിനെയും വിപണി സാന്നിധ്യത്തെയും ബാധിച്ചിട്ടില്ല. ഇന്നും ശക്തമായ വിപണിവിഹിതമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി ആഗോളതലത്തിൽ തന്നെ മികച്ച സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയിലൊന്നാണ്.
Leave a Reply