ഉണ്ടാക്കാം, ക്യുആര്‍ കോഡ്

പത്രത്തിലോ ചുമരിലോ ആരോ വരച്ചിട്ട വിചിത്രമായ ഒരു കളം. അതില്‍ മൊബൈലിന്റെ നോട്ടമെത്തുമ്പോള്‍ സ്ക്രൂനില്‍ത്തെളിയുന്നത് ഏതു വിസ്മയവുമാകാം.

കറുപ്പിനും വെളുപ്പിനും അഴക് മാത്രമല്ല അര്‍ത്ഥവുമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നവയാണ് ബാര്‍കോഡുകള്‍. ഒരുതരം റ്റുഡി ബാര്‍കോഡ് അഥവാ മേട്രിക്സ് ബാര്‍കോഡ് (Matrix Barcode) ആണ് ക്യൂആര്‍ കോഡ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചതുരത്തിലുള്ള ബാര്‍കോഡ്.

ക്യൂആര്‍ കോഡ് വായിച്ച് കൌതുകമനുഭവിക്കുമ്പോള്‍ അതിന്റെ രസവും സൌകര്യവുമെല്ലാം നമുക്കും ഒരുക്കാനായെങ്കില്‍ എന്നു തോന്നുക സ്വാഭാവികം. സങ്കേതം സങ്കീര്‍ണമെങ്കിലും അത് എളുപ്പമാക്കുന്ന ഒരുപാട് ജനറേറ്റര്‍ ആപ്പുകളുണ്ട്. നിമിഷങ്ങള്‍ മതി, എന്തിനുമുള്ള ക്യൂആര്‍ കോഡ് നിര്‍മിക്കാന്‍.

ആദ്യം ക്യൂആര്‍ കോഡിലുള്‍പ്പെടുത്തേണ്ടത് എന്താണെന്ന് തീരുമാനിച്ചുവയ്ക്കുക. അതൊരു വെബ് വിലാസമോ (യൂആര്‍എല്‍) ഫോണ്‍ നമ്പറോ വിശദമായ കോണ്ടാക്റ്റ് വിവരമോ എന്തുമാകാം. ഇനി ക്യൂആര്‍ കോഡ് നിര്‍മിക്കാന്‍ ഈ സങ്കേതങ്ങളിലേതും ഉപയോഗിക്കാം:

  • വെബ്‌സൈറ്റുകള്‍ (വെബ് ആപ്പുകള്‍)
  • ബ്രൌസര്‍ എക്സ്റ്റന്‍ഷനുകള്‍
  • ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകള്‍
  • മൊബൈല്‍ ആപ്ലിക്കേഷനുകള്‍
  • കമാന്‍ഡ് ലൈന്‍ ടൂളുകള്‍
  • പ്രോഗ്രാമിങ് രീതികള്‍

വെബ് ആപ്ലിക്കേഷനുകള്‍

കംപ്യൂട്ടറില്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ ക്യൂആര്‍ കോഡുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ഒരുപാട് വെബ്‌സൈറ്റുകളുണ്ട്. Generate QR Code Online എന്ന് തിരഞ്ഞാല്‍ ഏത് സേര്‍ച്ച് എഞ്ചിനും ഇവ പട്ടികപ്പെടുത്തും. ഉദാഹരണമായി ചില സൈറ്റുകള്‍:

  • www.the-qrcode-generator.com
  • www.qr-code-generator.com
  • www.online-qrcode-generator.com

ഇത്തരം സൈറ്റുകളുടെയെല്ലാം പ്രവര്‍ത്തനരീതി ഏതാണ്ടൊരുപോലെയാണ്. ആദ്യം എന്‍കോഡ് ചെയ്യേണ്ട വിവരത്തിന്റെ തരം തിരഞ്ഞെടുക്കുന്നു (യൂആര്‍എല്‍, ഫോണ്‍, ഇ-മെയില്‍, …). തുടര്‍ന്ന് എന്‍കോഡ് ചെയ്യേണ്ട വിവരം (ഉദാ: വെബ് വിലാസം) കൊടുക്കുന്നു. ഇനി സേവ്/ഡൌണ്‍ലോഡ് ബട്ടണമര്‍ത്തി ക്യൂആര്‍ കോഡ് ഒരു ഇമേജ് ഫയലായി ഡൌണ്‍ലോഡ് ചെയ്യാം. ഫയലിന്റെ വലിപ്പം, ഫോര്‍മാറ്റ് തുടങ്ങിയ കാര്യങ്ങള്‍ മാറ്റാനും സൌകര്യമുണ്ടാകും.

യൂആര്‍എല്‍

ഒരു വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ ബ്രൌസറിന്റെ ആഡ്രസ് ബാറില്‍ കാണിക്കുന്ന മുഴുവിലാസമാണ് അതിന്റെ യൂആര്‍എല്‍ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍). ഉദാ: https://en.wikipedia.org/wiki/Main_Page

യൂആര്‍എല്‍ കോപ്പി ചെയ്തെടുത്തുവേണം ക്യൂആര്‍ കോഡ് ജനറേറ്ററുകളില്‍ പേസ്റ്റ് ചെയ്തുനല്കാന്‍. ഫയര്‍ഫോക്സ് അടക്കമുള്ള ബ്രൌസറുകളില്‍ Ctrl + L അമര്‍ത്തിയോ F6 അമര്‍ത്തിയോ അഡ്രസ് ബാറിലെത്താം.

ബ്രൌസര്‍ എക്സ്റ്റന്‍ഷനുകള്‍

ബ്രൌസറില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാവുന്ന ക്യൂആര്‍ കോഡ് ജനറേറ്ററുകളാണിവ. വിലാസം കോപ്പി ചെയ്യാനൊന്നും മെനക്കെടേണ്ട എന്നതാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. ബ്രൌസറില്‍ ഒരു വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ എക്സ്റ്റന്‍ഷന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് പ്രസ്തുത പേജിന്റെ ക്യൂആര്‍ കോഡ് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം.

വിശ്വസിക്കാവുന്ന ഇടങ്ങളില്‍നിന്നുവേണം എക്സ്റ്റന്‍ഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍. അല്ലെങ്കില്‍ അവ മാല്‍വെയര്‍ (അപകടകാരികള്‍) ആകാം. നമ്മുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യാം. addons.mozilla.org ആണ് മോസില്ലയുടെ ഔദ്യോഗിക ആഡോണ്‍ സ്റ്റോര്‍. ക്രോമിന്റേതാകട്ടെ chrome.google.com/webstore/ എന്നതും. ആഡോണുകള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍/ഓപ്പണ്‍ സോഴ്സ് ആയാല്‍ കൂടുതല്‍ നല്ലത്.

ഡൌണ്‍ലോഡ് ബട്ടണ്‍ കണ്ടില്ലെങ്കില്‍

ബ്രൌസറില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകള്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് നിര്‍മിക്കുമ്പോള്‍ സേവ്/ഡൌണ്‍ലോഡ് ബട്ടണ്‍ കണ്ടില്ലെങ്കില്‍ എന്തുചെയ്യും? കോഡിന്റെ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Save Image As… എന്നത് എടുത്തുനോക്കാം.

ഡെസ്ക്ടോപ്പ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍

കംപ്യൂട്ടറിലോ ഫോണിലോ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാവുന്ന ആപ്ലിക്കേഷനുകളാണിവ. ഇവയും വിശ്വസിക്കാവുന്ന സ്ഥലങ്ങളില്‍നിന്നുമാത്രമേ എടുക്കാവൂ. ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് ഔദ്യോഗികസ്രോതസ്സുകളില്‍നിന്നുതന്നെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് qreator. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആപ്പുകള്‍ കണ്ടെത്താന്‍ f-droid.org സന്ദര്‍ശിക്കാം.

qreator

ഉള്ളടക്കം മനസ്സിലാക്കാം

എഴുത്തുമുതല്‍ പാട്ടും ചിത്രവും വരെ പൂജ്യത്തിലും ഒന്നിലുമൊതുക്കുകയാണ് ബൈനറി സമ്പ്രദായം ചെയ്യുന്നത്. ഇത്തരമൊരു ഫയല്‍ കടലാസില്‍ രേഖപ്പെടുത്തണമെങ്കില്‍ പൂജ്യത്തിന് ഒരടയാളവും ഒന്നിന് മറ്റൊരടയാളവും ഉണ്ടായാല്‍ മതി. കറുത്ത കുത്തുകളും വെളുത്ത കുത്തുകളുമുപയോഗിച്ച് എന്തും രേഖപ്പെടുത്താനാവുന്നത് അങ്ങനെയാണ്.

അടിസ്ഥാന ആശയം സമാനമാണെങ്കിലും ഡിജിറ്റല്‍ ഫയലുകളെ നേരിട്ട് കുത്തുകളാക്കിമാറ്റുകയല്ല ക്യൂആര്‍ കോഡ് ചെയ്യുന്നത്. സ്കാനിങ് കൃത്യമാക്കാനുള്ള അലൈന്‍മെന്റ്, എറര്‍ കറക്ഷന്‍ വിവരങ്ങളെല്ലാം കോഡിലുള്‍പ്പെടും. തിരിവും ചരിവും വെളിച്ചത്തിലെ വ്യത്യാസവുമൊന്നും സ്കാനിങ്ങിന് തടസ്സമാകാത്തത് ഇതുകൊണ്ടാണ്.

ഇതിന്റെ സാങ്കേതികതയൊന്നും ക്യൂആര്‍ കോഡ് നിര്‍മിക്കാന്‍ അറിയേണ്ടതില്ല. ഏതു വിവരമാണ് (ഉദാ: വെബ് വിലാസം, ഫോണ്‍ നമ്പര്‍) ക്യൂആര്‍ കോഡ് വഴി കൈമാറാനുദ്ദേശിക്കുന്നത് എന്നതേ നമുക്കറിയേണ്ടൂ.

ഏതെഴുത്തും ക്യൂആര്‍ കോഡാക്കി മാറ്റാം. തുടക്കം നോക്കിയാണ് ഏതു തരം എഴുത്താണെന്ന് റീഡറുകള്‍ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന്, വെബ് വിലാസങ്ങള്‍ തുടങ്ങുക  http:// എന്നോ https:// എന്നോ ആണല്ലോ. ഇതുപോലെ ടെലിഫോണ്‍ നമ്പറുകള്‍ tel: എന്നും ഇ-മെയില്‍ വിലാസങ്ങള്‍ mailto: എന്നുമാണ് തുടങ്ങുക. തിരിച്ചറിയാന്‍ @ ചിഹ്നം ഉള്ള സ്ഥിതിക്ക് ചില ക്യൂആര്‍ കോഡുകളില്‍ ഇ-മെയില്‍ വിലാസം നേരിട്ടും കൊടുക്കാറുണ്ട്.

www.the-qrcode-generator.com എന്ന സൈറ്റ്

ഇത് പ്രായോഗികമായി മനസ്സിലാക്കാന്‍ www.the-qrcode-generator.com എന്ന സൈറ്റ് സന്ദര്‍ശിക്കാം. ഇതില്‍ FREE TEXT എന്നതെടുത്ത് tel:98765 എന്ന് ടൈപ്പ് ചെയ്താലും PHONE എന്നതെടുത്ത് 98765 എന്നു മാത്രം ടൈപ്പ് ചെയ്താലും കിട്ടുന്ന ക്യൂആര്‍ കോഡ് ഒന്നുതന്നെയായിരിക്കും.

അച്ചടിച്ചശേഷവും മാറ്റാം

പ്രസിദ്ധീകരണത്തിനുശേഷവും ഒരു കാര്യം തിരുത്താനായെങ്കില്‍ എന്ന് നാം പലപ്പോഴും ആഗ്രഹിക്കാറുണ്ട്. അബദ്ധത്തില്‍ തെറ്റുകള്‍ കയറിക്കൂടിയതോ തീയ്യതി പോലുള്ള കാര്യങ്ങള്‍ മാറ്റിത്തീരുമാനിച്ചതോ ഒക്കെയാവാം കാരണം. വെബ് വിലാസങ്ങള്‍ ക്യൂആര്‍ കോഡ് വഴി പങ്കുവയ്ക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ ഇത് സാദ്ധ്യമാണ്. ക്യൂആര്‍ കോഡ് വഴി ആളുകള്‍ തുറക്കുന്ന വെബ് പേജിലെ ഉള്ളടക്കം നമുക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാമല്ലോ. എന്നാല്‍ ആ പേജിന്റെ വിലാസം തന്നെ മാറ്റണമെങ്കിലോ? അച്ചടിച്ചുവിതരണം ചെയ്ത ക്യൂആര്‍ കോഡിനുള്ളിലെ വിലാസം പിന്നീടെങ്ങനെ മാറ്റാനാണ്?

യൂആര്‍എല്‍ ഷോര്‍ട്ടനിങ്/റീഡയറക്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ് ഇതിനുള്ള പോംവഴി. വിലാസം മാറാമെന്നത് മുന്നില്‍ക്കണ്ട് നാം ഒരു റീഡയറക്ഷന്‍ യൂആര്‍എല്‍ തയ്യാറാക്കുന്നു. ഒരു ഓണ്‍ലൈന്‍ സേവനത്തിന്റെ സഹായത്തോടെ തയ്യാറാക്കുന്ന ഇത് സന്ദര്‍ശകരെ എങ്ങോട്ട് നയിക്കണമെന്നത് (അതായത് യഥാര്‍ത്ഥ യൂആര്‍എല്‍) നമുക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനിക്കാം. ക്യൂആര്‍ കോഡായി അച്ചടിച്ചുവിടുന്നത് ഇങ്ങനെയുണ്ടാക്കിയ റീഡയറക്ഷന്‍ വിലാസമാണ്.

ചില ഷോര്‍ട്ടനിങ് സേവനങ്ങള്‍ മാത്രമേ വിലാസം പിന്നീട് മാറ്റാനനുവദിക്കൂ (ഉദാ: tiny.cc). അതുകൊണ്ട് അതുറപ്പുവരുത്തിയശേഷം വേണം ‘ഫെയ്ക്ക്’ യൂആര്‍എല്‍ തയ്യാറാക്കാന്‍.

ഒരു ഉദാഹരണത്തിലൂടെ ഈ പ്രക്രിയ വ്യക്തമാക്കാം.

example.com/page1 എന്ന വിലാസമാണ് നിങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ടത്. ഈ വിലാസം പിന്നീട് മാറാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഒരു ഷോര്‍ട്ടനിങ്/റീഡയറക്ഷന്‍ സേവനത്തിന്റെ സഹായത്തോടെ ഈ വിലാസത്തിന് ഒരു റീഡയറക്ഷന്‍ യൂആര്‍എല്‍ തയ്യാറാക്കുന്നു (ഉദാ: tiny.cc/ex1996). ഈ വിലാസമാണ് ക്യൂആര്‍ കോഡ് ആയി വിതരണം ചെയ്യുന്നത്. വിലാസം മാറ്റണമെന്നുവരുമ്പോള്‍ നിങ്ങള്‍ ഇതേ റീഡയറക്ഷന്‍ സേവനത്തില്‍ ലോഗിന്‍ ചെയ്ത് മാറ്റം വരുത്തുന്നു. ആളുകള്‍ ക്യൂആര്‍ കോഡ് വഴി അപ്പോഴും തുറക്കുക tiny.cc/ex1996 എന്ന യൂആര്‍എല്‍ തന്നെയാണ്. എന്നാല്‍ അത് റീഡയറക്റ്റ് ചെയ്തെത്തുക example.com/page1 എന്നതിനുപകരം പുതുക്കിയ വിലാസത്തിലേക്കായിരിക്കും (ഉദാ: example.com/page2).

ഡക്ക്ഡക്ക്ഗോയുടെ മാജിക്

സ്വകാര്യത‌യ്ക്ക് പ്രാധാന്യം നല്കുന്ന ഒരു സേര്‍ച്ച് എഞ്ചിന്‍ ആണല്ലോ ഡക്ക്ഡക്ക്ഗോ (duckduckgo.com). ഇതിന്റെ സേര്‍ച്ച് ബോക്സില്‍ qr code എന്ന് തുടങ്ങുന്ന രീതിയില്‍ എന്തു നല്കി സേര്‍ച്ച് ചെയ്താലും അതിന്റെ ക്യൂആര്‍ കോഡ് കിട്ടും. എന്നാല്‍ കൃ‌ത്യതയ്ക്കും കൂടുതല്‍ സൌകര്യങ്ങള്‍ ലഭിക്കുന്നതിനും നല്ലത്‌ ജനറേറ്ററുകളെ ആശ്രയിക്കുന്നതുതന്നെയാണ്.

കമാന്‍ഡ് ലൈന്‍ വഴിയും

കമാന്‍ഡ് ലൈന്‍ വഴിയും ക്യൂആര്‍ കോഡ് നിര്‍മിക്കാം. ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമാന്‍ഡ് ലൈന്‍ ക്യൂആര്‍ എന്‍കോഡറാണ് qrencode. ഡെബീയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്ക് sudo apt-get install qrencode എന്ന കമാന്‍ഡ് നല്‍കി ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം.

ഉപയോഗരീതിയ്ക്ക് ഉദാഹരണം:

qrencode -t PNG -o mycode.png “http://example.com”

ഫയല്‍ ഫോര്‍മാറ്റാണ് -t ഓപ്ഷന്‍ വഴി പറയുന്നത്. SVG, EPS എന്നിവയാണ് പ്രചാരമേറിയ മറ്റു ഫോര്‍മാറ്റുകള്‍. ഫയലിന് റെസല്യൂഷന്‍ കുറവാണെന്നുതോന്നിയാല്‍ -s ഓപ്ഷന്‍ ഉപയോഗിക്കാം. ഒരു കുത്തിന് എത്ര പിക്സല്‍ വേണമെന്നാണ് ഇതില്‍ പറയേണ്ടത്. ഉദാ:

qrencode -s 10 -t PNG -o mycode.png “http://example.com”

കമാന്‍ഡുകള്‍ നല്‍കി കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ക്കുമാത്രമല്ല ഇത്തരം പ്രോഗ്രാമുകള്‍ ഉപകരിക്കുക, ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുന്നവര്‍ക്കുകൂടിയാണ്. നിങ്ങളുടെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനവേളയില്‍ പുതിയൊരു ക്യൂആര്‍ കോഡ് നിര്‍മിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ളില്‍നിന്ന് ഒരു കമാന്‍ഡ് ലൈന്‍ ക്യൂആര്‍ കോ‍ഡ് ജനറേറ്ററിനെ വിളിക്കേണ്ട കാര്യമേയുള്ളൂ.

പ്രോഗ്രാമിങ് രീതികള്‍

സി++, പൈത്തണ്‍, പിഎച്ച്പി തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകള്‍ക്കൊപ്പം ഉപയോഗിക്കാവുന്ന ക്യൂആര്‍ കോഡ് ലൈബ്രറികള്‍ ഉണ്ട്. ഉദാരണത്തിന്, നിങ്ങളുടെ വെബ്‌സൈറ്റില്‍ പിഎച്ച്പി വഴി ക്യൂആര്‍ കോഡ് ഉണ്ടാക്കാന്‍ phpqrcode എന്ന ലൈബ്രറി ഉപയോഗിക്കാം

എക്സ്പയറി

ഒരു ക്യൂആര്‍ കോഡ് എത്ര തവണ റീഡ് ചെയ്യാം എന്നതില്‍ പരിധി വല്ലതുമുണ്ടോ? ഞാനുണ്ടാക്കിയ ക്യൂആര്‍ കോഡ് നൂറു പേരെങ്കിലും റീഡ് ചെയ്യും. പത്തു പേര്‍ റീഡ് ചെയ്യുന്നതോടെ കോഡ് എക്സ്പയര്‍ ആയിപ്പോവില്ലെന്ന് എന്താണുറപ്പ്?

സാധാരണ ഗതിയില്‍ ക്യൂആര്‍ കോഡിന് അതുണ്ടാക്കാനുപയോഗിച്ച ആപ്പുമായോ സൈറ്റുമായോ യാതൊരു ബന്ധവുമില്ല. നിങ്ങള്‍ ഒരു വെബ് വിലാസത്തെ ക്യൂആര്‍ കോഡ് ആക്കി മാറ്റുമ്പോള്‍ കോഡില്‍ ഉള്‍പ്പെടുക ആ വിലാസം മാത്രമാണ്. ആപ്പിന്റെയോ സൈറ്റിന്റെയോ വിവരങ്ങളല്ല.

എന്നാല്‍ നിങ്ങള്‍ നല്കുന്ന വിലാസം നേരിട്ട് എന്‍കോഡ് ചെയ്യുന്നതിനുപകരം തങ്ങളുടേതായ രീതിയില്‍ ഒരു റീഡയറക്ഷന്‍ യൂആര്‍എല്‍ ഉണ്ടാക്കി അത് കോഡില്‍ ഉള്‍പ്പെടുത്തുന്ന സേവനങ്ങളും ഉണ്ടാകാം. അവ എക്സ്പയറി ഏര്‍പ്പെടുത്തുകയോ അപ്രത്യക്ഷമാവുകയോ എല്ലാം ചെയ്യാം. ഇങ്ങനെ സംഭവിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കും?

ക്യൂആര്‍ കോഡ് നിര്‍മിച്ച ഉടന്‍ തന്നെ അത് ‘ഡീകോഡ്’ ചെയ്തുനോക്കുക. വെറുതേ റീഡ് ചെയ്ത് പരീക്ഷിക്കുകയല്ല വേണ്ടത്. റീഡ് ചെയ്താല്‍ കറങ്ങിത്തിരിഞ്ഞ് നമ്മളുദ്ദേശിച്ച സൈറ്റില്‍ത്തന്നെ എത്തിയെന്നിരിക്കും. എന്നുകരുതി ഒരു പത്തു റീഡിങ് കഴിഞ്ഞാലും അതുതന്നെ സംഭവിക്കണമെന്നില്ല.

ക്യൂആര്‍ കോഡിലെ യഥാര്‍ത്ഥ ഉള്ളടക്കം വായിച്ചെടുക്കാന്‍ വെബ്‌സൈറ്റുകളുണ്ട്

ക്യൂആര്‍ കോഡിലെ യഥാര്‍ത്ഥ ഉള്ളടക്കം വായിച്ചെടുക്കണം എന്നാണ് പറഞ്ഞത്. zxing.org/w/decode.jspx പോലുള്ള ഓണ്‍ലൈന്‍ ഡീകോഡറുകളോ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകളോ ഇതിനായി ഉപയോഗിക്കാം. നാം മുമ്പ് നിര്‍മിച്ച് ഡൌണ്‍ലോഡ് ചെയ്ത ക്യൂആര്‍ കോഡ് ഇവയിലേക്ക് അപ്‌ലോഡ് ചെയ്തുകൊടുത്താല്‍ ഉള്ളടക്കം എന്താണെന്ന് കാണിച്ചുതരും. അത് നമ്മളുദ്ദേശിച്ച വിലാസം തന്നെയാണെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.

ക്യൂആര്‍ കോഡ് ഉണ്ടാക്കാനുപയോഗിച്ച സേവനം തന്നെ അതിന്റെ സാധുത പരീക്ഷിക്കാനും ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ല.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*