ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറിയെ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം.

മ്യൂസിക് സ്ട്രീമിങ് സേവന രംഗത്ത് നിന്നും വിടവാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്. ഗൂഗിളിന് യൂട്യൂബ് മ്യൂസിക്  എന്ന മറ്റൊരു മ്യൂസിക് സ്ട്രീമിങ് സേവനം ഉള്ളതിനാല്‍ ഈ മേഖലയില്‍ പിന്നില്‍ ആകുകയില്ലായെന്നാണ് കമ്പനി കണക്കുകൂട്ടിയിരിക്കുന്നത്.

തുടക്കം മുതല്‍ തന്നെ യൂട്യൂബ് മ്യൂസികും, ഗൂഗിള്‍ പ്ലേ മ്യൂസികും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറി യൂട്യൂബ് മ്യൂസിക്കിലേക്ക് കൊണ്ടുവരാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ യൂട്യൂബ് മ്യൂസിക് ആപ്പിലെ പുതിയ ഇംപോര്‍ട്ട് ഫീച്ചറിലൂടെ ഇപ്പോള്‍ ഗൂഗിള്‍ അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഇത് ഘട്ടം ഘട്ടമായാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. അതുകൊണ്ട് എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകണമെന്നില്ല.

ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറി യൂട്യൂബ് മ്യൂസിക്കിലേക്ക് എങ്ങനെ കൊണ്ടുവരാം?

  • ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ യൂട്യൂബ് മ്യൂസിക് ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പിലാണ് ഉപയോഗിക്കുന്നത് എന്ന്  ഉറപ്പാക്കുക. 
  • തുടര്‍ന്ന് നിങ്ങളുടെ യൂട്യൂബ് മ്യൂസിക് ആപ്ലിക്കേഷനും ഗൂഗിള്‍ പ്ലേ മ്യൂസിക് ആപ്ലിക്കേഷനും ഒരേ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
  • ആപ്ലിക്കേഷന്‍റെ ഹോം പേജ് ബാനറില്‍ നിങ്ങളുടെ പ്ലേ മ്യൂസിക് ലൈബ്രറി കൈമാറാനുള്ള ഓപ്ഷന്‍ ലഭിക്കും.
  • പ്രക്രിയ ആരംഭിക്കുന്നതിന് ‘ലെറ്റ്‌സ് ഗോ’ ബട്ടണ്‍ അമര്‍ത്തുക. നിങ്ങളുടെ അപ്പ് ലോഡുകള്‍, പര്‍ച്ചേസുകള്‍, പാട്ടുകള്‍, ആല്‍ബങ്ങള്‍, വ്യക്തിഗതവും സബ്സ്‌ക്രൈബ് ചെയ്തതുമായ പ്ലേലിസ്റ്റുകള്‍, ലൈക്കുകള്‍ ഡിസ് ലൈക്കുകള്‍ , ക്യൂറേറ്റുചെയ്ത സ്റ്റേഷനുകള്‍, വ്യക്തിഗത അഭിരുചികള്‍ എന്നിവ ഉള്‍പ്പെടെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ നിന്നും യൂട്യൂബ് മ്യൂസിക്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. 
  •  ‘സ്റ്റാര്‍ട്ട് ട്രാന്‍സ്ഫര്‍’ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ കൈമാറ്റ പ്രക്രിയ ആരംഭിക്കും.  ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായും ഇമെയിലായും ഗൂഗിളില്‍ നിന്ന് അറിയിപ്പ് ലഭിക്കും.

2019 മാർച്ചിൽ ആണ് യൂട്യൂബ് മ്യൂസിക് ഇന്ത്യയിൽ പ്രവര്‍ത്തനം ആരംഭിച്ചത്. ആരംഭിച്ച  ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ദശലക്ഷം ഡൗൺലോഡുകൾ മറികടന്ന ഈ സേവനം 2019-ന്‍റെ അവസാനത്തോടെ, രാജ്യത്ത് പണമടച്ചുള്ള സേവനങ്ങൾക്കായി 800,000 ൽ അധികം സബ്സ്ക്രൈബേഴ്സിനെയാണ് നേടിയത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*