കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമെന്നോണം നടപ്പിലാക്കിയ ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കിയപ്പോൾ ചിലർക്കെങ്കിലും തങ്ങളുടെ ഓഫീസ് അന്തരീക്ഷത്തെയും സഹപ്രവർത്തകരെയും മിസ്സ് ചെയ്തു കാണാം. അങ്ങനെയുള്ളവർക്ക് വീടിനുള്ളിൽ വീണ്ടും ഒരു ഓഫീസ് അന്തരീക്ഷം കൊണ്ടുവരാൻ സഹായിക്കുന്ന വെബ്സൈറ്റുകളുടെ സേവനം ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ തന്നെ ഓഫീസിന്റെ അനുഭവം വാഗ്ദാനം ചെയ്യുന്ന ഇത്തരം വെബ്സൈറ്റുകളിൽ ജോലിസ്ഥലത്തെ ശബ്ദം പുനഃസൃഷ്ടിക്കുന്ന നിരവധി ഓഡിയോകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഐ മിസ്സ് ദ ഓഫീസ് (imisstheoffice.eu)
ഒരു ആധുനിക ഓഫീസിന്റെ ശബ്ദ പ്രതീതി നിങ്ങളുടെ വീട്ടിൽ സൃഷ്ടിക്കുന്നതിന് സഹായകരമാകുന്ന വെബ്സൈറ്റാണിത്. കിഡ്സ് ക്രിയേറ്റീവ് ഏജൻസിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
വെബ്സൈറ്റ് തുറന്നതിനു ശേഷം ഇടതുവശത്ത് താഴെയുള്ള പ്ലേ ബട്ടണിൽ അമർത്തിയാൽ ഓഫീസിനുള്ളിൽ ഉണ്ടാകുന്ന സാധാരണ ശബ്ദങ്ങൾ നമുക്ക് ശ്രവിക്കാൻ സാധിക്കും. ഡെസ്ക്ടോപ്പ് കീബോർഡ്, കസേരകൾ മാറ്റുന്ന ശബ്ദങ്ങൾ, പ്രിന്റർ വർക്ക് ചെയ്യുമ്പോൾ ഉള്ളതും സെൽഫോണുകൾ റിംഗ് ചെയ്യുന്ന ശബ്ദങ്ങൾ, ഫാൻ കറങ്ങുന്ന ശബ്ദം, എന്നിവയെല്ലാം ഒരുമിച്ചു കേൾക്കാം.യഥാർത്ഥത്തിൽ ഒരു ഓഫീസ് മുറിക്കുള്ളിൽ ഇരിക്കുമ്പോൾ നമ്മുടെ കാതുകളിലേക്ക് പതിയുന്ന തിരക്കുപിടിച്ച ശബ്ദങ്ങളെല്ലാം ഈ വെബ്സൈറ്റിൽ പുനസൃഷ്ടിക്കുകയാണ്. സഹപ്രവർത്തകരുടെ എണ്ണം പരമാവധി 10 വരെയായി ഉയർത്തികൊണ്ട് നമുക്ക് ഇതിലൂടെ ഓഫീസ് ശബ്ദം ശ്രമിക്കാം.
ഐ മിസ്സ് ദ ഓഫീസ് വെബ്സൈറ്റിനോട് സമാനമായിട്ടുള്ള ഒരു വെബ്സൈറ്റാണിത്. ഓഫീസിൽ നമ്മൾ നിത്യവും കേൾക്കുന്ന വ്യത്യസ്ത തരത്തിലുള്ള ശബ്ദങ്ങളാണ് ദ സൗണ്ട് ഓഫ് കോളീഗ്സ് വെബ്സൈറ്റ് പ്രദാനം ചെയ്യുന്നത്. റെഡ് പൈപ്പ് സ്റ്റുഡിയോയും ഫാമിലിജനും ചേർന്നാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. കോഫി മെഷീൻ, ടെലിഫോൺ, കീബോർഡ് എന്നിവയുടെ ശബ്ദങ്ങൾക്കു പുറമേ ഓഫീസിനുപുറത്ത് മഴ പെയ്യുമ്പോൾ ഉണ്ടാവുന്ന ശബ്ദവും ഇതിലൂടെ കേൾക്കാം.
മൈ നോയിസ് ഡോട്ട് നെറ്റ് ( mynoise.net )
വളരെ ശാന്തമായ ഒരു ഓഫീസ് പ്രതീതി ശ്രവിക്കുവാനുള്ള ഒരു വെബ്സൈറ്റാണ് മൈ നോയിസ് ഡോട്ട് നെറ്റ്. സഹപ്രവർത്തകർ തമ്മിലുള്ള സംസാരം, കോഫി മെഷീൻ, പ്രിന്റർ, സ്കാനർ, എന്നിവയിൽനിന്നുള്ള ഓഫീസ് ശബ്ദങ്ങൾ കേൾക്കാം. വെബ്സൈറ്റ് സേവനം കൂടാതെ മൈ നോയിസ് ആപ്ലിക്കേഷനും ലഭ്യമാണ്. പ്ലേസ്റ്റോർ, ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
മറ്റു മാര്ഗ്ഗങ്ങൾ
വെബ്സൈറ്റ് സേവനങ്ങൾ കൂടാതെ,ആമസോൺ എക്കോ സ്മാർട്ട് സ്പീക്കർ ഉണ്ടെങ്കിൽ പോലും ഓഫീസ് ശബ്ദങ്ങളെല്ലാം ഒരു വോയിസ് കമാൻഡ് ലൂടെ വളരെ എളുപ്പത്തിൽ കേൾക്കാവുന്നതാണ്. “അലക്സ് ഓഫീസ് ശബ്ദങ്ങൾ പ്ലേ ചെയ്യുക “എന്നൊരു വോയിസ് കമാൻഡ് ഈ സ്മാർട്ട് ഉപകരണത്തിന് നൽകിക്കഴിഞ്ഞാൽ ഏകദേശം ഒരു മണിക്കൂർ വരെ ഓഫീസ് ശബ്ദങ്ങൾ ഇത് പ്ലേ ചെയ്യുന്നതാണ്.
ഐഓഎസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്ന് സൗണ്ട് ബോറഡ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇത്തരത്തിൽ ഉപയോഗിക്കാം. വ്യത്യസ്ത ശബ്ദങ്ങളുടെ ഒരു ശേഖരം തന്നെ ഈ ആപ്പിൽ ലഭ്യമാണ്.
Leave a Reply