മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ട്രായ്. പുതിയ മാനദണ്ഡ പ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.
മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലൈ ഒന്ന് മുതൽ നിലവിൽ വന്നിരിക്കുകയാണ്. സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നത്. ട്രായ്യുടെ നിയമം അനുസരിച്ച് നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടിട്ടുള്ള സിമ്മിന് പകരം പുതിയ സിം കാർഡ് നല്‍കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കിൽ സിം റീപ്ലേസ്മെന്റ് എന്ന് പറയുന്നത്. കൂടാതെ മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറാനായുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭിക്കും. പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനായാണ് 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ നേരത്തെയും ഭേദഗതി കൊണ്ടുവന്നത്.
നിലവിൽ പോർട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം നഷ്ടപ്പെട്ട സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം. സിം നഷ്ടപ്പെട്ടാൽ മറ്റൊരു സിമ്മിലേക്ക് നമ്പർ മാറ്റാനും ഉപഭോക്താവിന് കഴിയും.