ആറ് ലക്ഷം ആധാർ നമ്പറുകള്‍ അടുത്തിടെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. വ്യാജ ആധാർ നമ്പറുകളും നിലവിലുള്ള കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റുകളുമാണ് റദ്ദാക്കിയ കാർഡുകളിൽ ഉള്ളത്.
വ്യാജ ആധാർ നമ്പറുകളും മറ്റും ഉപയോഗിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും ആൾമാറാട്ടങ്ങളും ഒക്കെ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടികൾ കടുപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ കൈവശമുള്ള ആധാർ കാർഡുകളുടെ ആധികാരികത ഉറപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ആയതിനാല്‍, ആധാർ നമ്പർ വെരിഫൈ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
ആധാർ കാർഡിന്റെ ആധികാരികത ഉറപ്പിക്കാം നിങ്ങളുടെ കൈവശമുള്ള ആധാർ നമ്പർ ഒറിജിനലാണോ അതോ വ്യാജമാണോ എന്ന് പരിശോധിക്കാൻ ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക. ഇവിടെ നൽകിയിരിക്കുന്ന യുആർഎൽ ഉപയോഗിക്കാവുന്നതാണ്. https://resident.uidai.gov.in/ ഇതിന് ശേഷം, ‘ആധാർ വെരിഫൈ’ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യണം. ആധാറിന്റെ ആധികാരികത പരിശോധിക്കാൻ യൂസറിന് നേരിട്ട് https://myaadhaar.uidai.gov.in/verifyAadhaar എന്ന ലിങ്ക് ഉപയോഗിക്കാന്‍ സാധിക്കും.
തുടർന്ന് ആധാർ വെരിഫൈ ചെയ്യാനുള്ള പേജിൽ 12 അക്ക ആധാർ നമ്പറോ 16 അക്ക വെർച്വൽ ഐഡിയോ നൽകുക. തുടർന്ന് പോർട്ടലിൽ കാണുന്ന ക്യാപ്ച എന്റർ ചെയ്യണം. ക്യാപ്ച രേഖപ്പെടുത്തിയ ശേഷം പ്രൊസീഡ് ആൻഡ് വെരിഫൈ ബട്ടണിൽ ടാപ്പ് ചെയ്യുക.
നിങ്ങളുടെ ആധാർ നമ്പർ യുഐഡിഎഐ ഡേറ്റബേസിൽ ഉണ്ടെങ്കിൽ ആധാർ വെരിഫിക്കേഷൻ കംപ്ലീറ്റഡ് എന്ന സന്ദേശവുമായി പുതിയ പേജ് തുറന്ന് വരും. ഇതിൽ നിങ്ങളുടെ മൊബൈൽ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഏകദേശ പ്രായവും ജെൻഡറും സംസ്ഥാനവും നൽകിയിരിക്കും. ഈ ആധാർ നമ്പർ ഒറിജിനൽ അല്ലെങ്കിൽ നമ്പർ നിലവിൽ ഇല്ലെന്ന സന്ദേശമായിരിക്കും ലഭ്യമാകുക.
excellent magazine