ഇന്ത്യൻ നിർമ്മിത ക്ലൗഡ് സ്റ്റോറേജ് സേവനം

digiboxx cloud storage

ക്ലൗഡ് സ്റ്റോറേജും ഫയൽ ഷെയറിംഗ് സൗകര്യവുമായി ഡിജി ബോക്സ് എന്ന പേരിൽ ഇന്ത്യൻ നിർമ്മിത ക്ലൗഡ് സ്റ്റോറേജ് സേവനം അവതരിപ്പിച്ചിരിക്കുകയാണ് നീതി ആയോഗ്.
ഡിജിബോക്സിൽ 20GB സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. കൂടാതെ, പ്രതിമാസം 30 രൂപ നൽകുകയാണെങ്കിൽ 100GB വരെ സ്റ്റോറേജ് വിനിയോഗിക്കാം.

ഒന്നിലധികം ഇന്ത്യൻ ഡേറ്റാ സെന്ററുകളുമായി ചേർന്നാണ് ഇത്തരം ഒരു നിരക്കിലേക്ക് സേവനമെത്തിക്കാനായതെന്ന് ഡിജിബോക്സ് സി.ഇ.ഒ. അർണബ് മിത്ര പറഞ്ഞു.
ഈ രീതിയിലുള്ള ആദ്യ ഇന്ത്യൻ നിർമ്മിത സേവനമാണിതെന്നും ഡിജിബോക്സ് അവകാശപ്പെടുന്നു.

ഇന്ത്യയിൽ തന്നെ ഡേറ്റ ശേഖരിക്കുക, ദേശ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പദ്ധതിക്ക് പിന്നിലുണ്ട്.

നാല് തരം സ്റ്റോറേജ് പ്ലാനുകളാണ് ഡിജിബോക്സിലുള്ളത്.

സൗജന്യമായി ഉപയോഗിക്കുന്നവർക്ക് 20GB സ്റ്റോറേജ് ലഭിക്കും. 2GB വരെയുള്ള ഫയലുകൾ അപ്ലോഡ് ചെയ്യാം. എസ്എസ്എൽ സുരക്ഷിതത്വം ഉണ്ടാകും. ജിമെയിൽ ഇന്റഗ്രേഷൻ വൈകാതെ ലഭിക്കും.

വ്യക്തികൾക്കും ഫ്രീലാൻസർമാർക്കുമായി 30 രൂപയുടെ പ്ലാനിൽ 2TB വരെ സ്റ്റോറേജ് ലഭിക്കും. ഇതിൽ 100GB ഉപയോഗിക്കുന്നവർക്കാണ് 30 രൂപയുടെ പ്രതിമാസ പ്ലാൻ. 90 രൂപയ്ക്ക് 500GB-യും, 120 രൂപയ്ക്ക് 1TB-യും 199 രൂപയ്ക്ക് 2TB-യും സ്റ്റോറേജ് ഉപയോഗിക്കാം.

ചെറുകിട വ്യവസായങ്ങൾക്കായി 999 രൂപയിൽ തുടങ്ങി 3499 രൂപ വരെയുള്ള പ്ലാനുകളുണ്ട്. ഇതിൽ 500GB മുതൽ 5TB വരെ സ്റ്റോറേജ് ലഭിക്കും. 50 മുതൽ 200 പേർക്ക് വരെ ഈ സ്റ്റോറേജ് വിനിയോഗിക്കാം.

ഇത് കൂടാതെയുള്ള കസ്റ്റം സ്റ്റോറേജ് പ്ലാനുകളിൽ 500 ഉപയോക്താക്കളെ വരെ ഉൾപ്പെടുത്തി ആവശ്യമുള്ളത്ര സ്റ്റോറേജ് ആവശ്യപ്പെടാം. വലിയ സ്ഥാപനങ്ങൾക്ക് വേണ്ടിയാണിത്. ആവശ്യത്തിനനുസരിച്ച് ഇതിൽ വില നിശ്ചയിക്കപ്പെടും.

ഡിജിബോക്സിന്റെ പ്രത്യേകതകൾ

അതിവേഗം ഫയൽ തിരയാനുള്ള സൗകര്യം. ഡോക്യുമെന്റ്, വീഡിയോ, ഫോട്ടോ ഉൾപ്പടെ ഏത് രീതിയിലുള്ള ഫയലുകളും പങ്കുവെക്കാം. തെറ്റായ ആൾക്കാണ് ഫയൽ അയച്ചതെങ്കിൽ അവ തിരിച്ചുവിളിക്കാം. ഫയലുകൾ എളുപ്പം എഡിറ്റ് ചെയ്യാം.

വലിയ ഫയലുകൾ അയക്കാൻ ഇൻസ്റ്റാഷെയർ എന്നൊരു സൗകര്യം ഡിജിബോക്സിലുണ്ട്. വീ ട്രാൻസ്ഫർ സേവനത്തിന് സമാനമാണിത്. 60 ദിവസം വരെ ഈ ഫയലുകൾ ഡൗൺലോഡ് ചെയ്തെടുക്കാം.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ഡിജിബോക്സ് സൗകര്യം ലഭിക്കുക. ഉടൻ തന്നെ ഐഓഎസിലും ലഭിക്കും. ഡിജിബോക്സ് വെബ്സൈറ്റിലും സേവനം ലഭ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*