വീഡിയോ ഓൺ ഡിമാൻഡ് (വിഒഡി) പോലുള്ള സ്മാർട്ട് ടിവി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ മൊബൈൽ, പിസി കണക്റ്റിവിറ്റി സംയോജിപ്പിക്കുന്നതിനായുള്ള പുതിയ രണ്ട് സ്മാർട്ട് മോണിറ്ററുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. എം7, എം5 എന്നിങ്ങനെ രണ്ട് സീരീസുകളിൽ ലഭ്യമായിരിക്കുന്ന സ്മാര്‍ട്ട് മോണിറ്റര്‍ കമ്പനിയുടെ ടൈസെൻ ഓഎസ് (v5.5) പ്രവർത്തിപ്പിക്കുന്നവയാണ്. സാംസങ് മോണിറ്ററിന് ‘ലോകത്തിലെ ആദ്യ ഡു ഇറ്റ് ഓള്‍ സ്ക്രീന്‍’ എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്.
സാംസങ് സ്മാർട്ട് മോണിറ്റർ എം5, എം7 വിലയും ലഭ്യതയും
സാംസങ് സ്മാർട്ട് മോണിറ്റർ തുടക്കത്തില്‍ കാനഡ, ചൈന, യുഎസ് എന്നിവിടങ്ങളിൽ ലഭ്യമാകും. ഈ മാസം അവസാനം സ്മാർട്ട് മോണിറ്റർ ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് കമ്പനി. യുഎസിൽ, സ്മാർട്ട് മോണിറ്റർ എം7 മോഡലിന് 400 ഡോളർ (ഏകദേശം 29800 രൂപ); സ്മാർട്ട് മോണിറ്റർ എം5 ലൈനപ്പിന്‍റെ 27 ഇഞ്ച് വേരിയന്‍റിന് 230 ഡോളറും (ഏകദേശം 17130 രൂപ) 32 ഇഞ്ച് വേരിയന്‍റിന് 280 ഡോളറുമാണ് (ഏകദേശം 20900 രൂപ) വില.
സാംസങ് സ്മാർട്ട് മോണിറ്റർ എം5, എം7 സവിശേഷതകള്‍
ഏറ്റവും പുതിയ സാംസങ് സ്മാർട്ട് മോണിറ്റർ സീരീസിന് 60Hz റിഫ്രഷ് റെയ്റ്റ്, 16:9 വീക്ഷണാനുപാതം, വിഎ പാനലുകൾ എന്നിവയുണ്ട്. എല്ലാ മോഡലുകളും സാംസങ്ങിന്‍റെ ടൈസെൻ 5.5 പ്രവർത്തിപ്പിക്കുന്നു, 8എംഎസ് (ജിടിജി) റെസ്പോണ്‍സ് ടൈമുള്ള വിഎ പാനലുകൾ, 250nits സാധാരണ തെളിച്ചം, എച്ച്ഡിആർ 10 സ്റ്റാൻഡേർഡിനുള്ള പിന്തുണ എന്നിവ ഉൾക്കൊള്ളുന്നു.
മോണിറ്ററുകൾ ബ്ലൂടൂത്ത് 4.2, വൈ-ഫൈ 5 കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു, കൂടാതെ രണ്ട് 5W ബിൽറ്റ്-ഇൻ സ്പീക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സാംസങ് സ്മാർട്ട് എം7 മോണിറ്റർ സീരീസിന് ഒരൊറ്റ 32 ഇഞ്ച് വേരിയന്‍റ് മാത്രമേയുള്ളൂ. അതിൽ അൾട്രാ എച്ച്ഡി (3840 x 2160 പിക്‌സൽ) റെസലൂഷൻ ഉണ്ട്, എം5 27 ഇഞ്ച്, 32 ഇഞ്ച് വേരിയന്‍റുകളിൽ ലഭ്യമാണ്, ഇവ രണ്ടും ഒരു ഫുള്‍-എച്ച്ഡി (1920 x 1080 പിക്സലുകൾ) റെസലൂഷന്‍ നല്‍കുന്നു. ഡാറ്റ കൈമാറ്റം ചെയ്യാനും 65W വരെ ചാർജ്ജ് ചെയ്യാനും അനുവദിക്കുന്ന യുഎസ്ബി ടൈപ്പ്-സി പോർട്ട് എം7-ന് ഉണ്ട്. എം7-ൽ മൂന്ന് യുഎസ്ബി 2.0 പോർട്ടുകളും എം5-ല്‍ രണ്ട് യുഎസ്ബി പോര്‍ട്ടുകളുമാണ് ഉള്ളത്. ഇരു വേരിയന്‍റുകളിലും രണ്ട് എച്ച്ഡിഎംഐ 2.0 പോർട്ടുകൾ ഉണ്ട്.
ടാപ്പ് വ്യൂ, ആപ്പ് കാസ്റ്റിംഗ് അല്ലെങ്കിൽ ആപ്പിൾ എയർപ്ലേ 2 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഉപകരണങ്ങളെ ബന്ധിപ്പിക്കാൻ കഴിയും. വയർലെസ് സാംസങ് ഡെക്സ് ഉപയോഗിച്ച്, സാംസങ് സ്മാർട്ട് മോണിറ്ററിലൂടെ ഒരു മൊബൈൽ ഉപകരണം ഉപയോഗിച്ച് നിങ്ങൾക്ക് ഡെസ്ക്ടോപ്പ് അനുഭവം നേടാനാകും. നിങ്ങളുടെ മോണിറ്ററും ഫോണും ഉപയോഗിച്ച് മൊബൈൽ പ്രോഡക്റ്റിവിറ്റി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും ഫോട്ടോകൾ കാണാനും മൂവികൾ കാണാനും സാധിക്കുന്നതാണ്.
വിനോദത്തിനായി, പിസിയിലേക്കോ മൊബൈൽ ഉപകരണത്തിലേക്കോ കണക്ഷൻ ഇല്ലാതെ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആപ്പിൾ ടിവി എന്നിവയിൽ നിന്നും കണ്ടെന്‍റുകള്‍ സ്ട്രീം ചെയ്യാൻ സാധിക്കും. ഒരു റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചും കണ്ടെന്‍റുകള്‍ ആക്സസ് ചെയ്യാൻ സാധിക്കും. അലക്സാ, ബിക്സ്ബി 2.0 എന്നിവയ്ക്കായി വോയ്‌സ് അസിസ്റ്റന്‍റ് പിന്തുണയുമുണ്ട്. പിസി കണക്ഷനില്ലാതെ മൈക്രോസോഫ്റ്റ് ഓഫീസ് 365 ആപ്ലിക്കേഷനുകൾ സാംസങ് സ്മാർട്ട് മോണിറ്റർ സംയോജിപ്പിക്കുന്നു. ഓഫീസ് കംപ്യൂട്ടറിൽ നിന്നോ മറ്റെവിടെയെങ്കിലും സ്ഥാപിച്ചിരിക്കുന്ന ലാപ്‌ടോപ്പിൽ നിന്നോ ഫയലുകൾ ആക്‌സസ്സ് ചെയ്യാൻ നിങ്ങൾക്ക് റിമോട്ട് ആക്‌സസ്സ് ഉപയോഗിക്കാം.
സ്മാർട്ട് മോണിറ്ററിന് അഡാപ്റ്റീവ് പിക്ചർ ഉണ്ട്, ഇത് മുറിക്കുള്ളിലെ വെളിച്ചത്തിന്‍റെ അവസ്ഥകള്‍ മനസ്സിലാക്കി തെളിച്ചവും വർണ്ണ താപനിലയും ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിലൂടെ ചിത്രത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. നീല വെളിച്ചം കുറയ്ക്കുന്നതിന് മോണിറ്ററിന് ഐ-സേവർ മോഡും ഫ്ലിക്കർ ഫ്രീ സവിശേഷതകളും ഉണ്ട്.
Leave a Reply