ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ ടെസ്റ്റിംഗ് തുടങ്ങിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സ്റ്റാർലിങ്ക് സാറ്റ് ലൈറ്റ് ഇന്‍റർനെറ്റ് വേഗം മികച്ചതാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഴ്ചകൾക്ക് മുന്‍പാണ് സ്‌പേസ് എക്‌സിന്‍റെ സാറ്റ് ലൈറ്റ് ഇന്‍റർനെറ്റ് സേവനത്തിനായുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയത്. ലോകത്തെ ഗ്രാമങ്ങളിലും ഇന്‍റർനെറ്റ് എത്തിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. ടെറസിലും കെട്ടിടങ്ങൾക്കും മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്‍റിനകളുടെ സഹായത്തോടെയാണ് ഇന്‍റർനെറ്റ് ലഭ്യമാകുന്നത്.
സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് വഴി 1440p, 4K വീഡിയോ എന്നിവ യൂട്യൂബിൽ സീറോ ബഫറിംഗിൽ സ്ട്രീം ചെയ്യുന്നുണ്ടെന്ന് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സേവനം വളരെ വേഗമുള്ളതാണെന്നാണ് ഇതിനോടകം പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്റ്റാർലിങ്കിനെ ശക്തിപ്പെടുത്തുന്നതിനായി സ്‌പേസ് എക്‌സ് 800 ഉപഗ്രഹങ്ങൾ മാത്രമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഉയർന്ന ഇന്‍റർനെറ്റ് വേഗം ലഭിക്കുന്നതിനും ലേറ്റൻസി കുറയ്ക്കുന്നതിനും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ലക്ഷ്യം. സ്റ്റാർലിങ്കിന്‍റെ ഉപഗ്രഹ സംവിധാനത്തിന് നിലവിൽ 44 ഡിഗ്രി മുതൽ 52 ഡിഗ്രി വരെ വടക്കൻ അക്ഷാംശത്തിൽ മാത്രമേ ഇന്‍റർനെറ്റ് സേവനം നൽകാൻ സാധിക്കൂ. സമ്പൂർണ സേവനം ലഭ്യമാക്കാൻ 1000 ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.
നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് സ്റ്റാർലിങ്ക് ഇന്‍റർനെറ്റിന്‍റെ ബീറ്റാ ടെസ്റ്റിംഗ് ലഭ്യമാകുന്നത്. അടുത്ത വർഷം സ്റ്റാർലിങ്കിന്‍റെ ആഗോളാടിസ്ഥാനത്തിലുള്ള അവതരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
Leave a Reply