നാളുകളായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ഇന്ത്യയിലെ പേയ്മെന്‍റ് രീതികളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുള്ളതുമായ വാട്‌സ്ആപ്പ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരിക്കുന്നു. ആര്‍ബിഐയുടെ അനുമതി കൂടി ലഭിക്കേണ്ട താമസം വാട്സ്ആപ്പ് പേ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതാണ്.
യൂണിഫൈഡ് പെയ്‌മെന്‍റ്സ് ഇന്‍റര്‍ഫെയ്‌സ് അഥവാ യുപിഐയിലൂടെയാണ് വാട്‌സ്ആപ്പ് പേ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഏകദേശം 2 കോടി ആള്‍ക്കാര്‍ക്കായിരിക്കും വാട്‌സ്ആപ്പ് പേ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഘട്ടംഘട്ടമായി ഫീച്ചര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയവയ്‌ക്ക് ഒപ്പമായിരിക്കും ഇനി വാട്‌സ്ആപ്പ് പേയുടെയും സ്ഥാനം. രാജ്യത്തെ പണമിടപാടുകളില്‍ 30 ശതമാനം വരെ നടത്താനാണ് യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കു നല്‍കിയിരിക്കുന്ന അനുമതി. വാട്സ്ആപ്പ് പേയുടെ പ്രവര്‍ത്തനത്തിന് അന്തിമാനുമതി നല്‍കേണ്ടത് ആര്‍ബിഐ ആണ്. ഇതു താമസിയാതെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാട്‌സ്ആപ്പിന്‍റെ പെയ്‌മെന്‍റ് സിസ്റ്റം 2018 ഫെബ്രുവരിയില്‍ തുടങ്ങിയതാണ്. എന്നാല്‍, ഇന്ത്യയില്‍ ഉപയോക്താക്കളുടെ ഡേറ്റാ സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതലഭിക്കാത്തതിനാല്‍ ഇതിന്‍റെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കുന്നത് നീണ്ടുപോകുകയായിരുന്നു.
Leave a Reply