എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ ഉല്‍പ്പന്ന നിരയിലേക്ക് ചേർത്ത പുതിയ ഓഡിയോ ഉൽപ്പന്നങ്ങളാണ് നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്ഫോണുകൾ. വിപണിയിലെ മിക്ക ഹെഡ്ഫോണുകളെയും പോലെ, നോക്കിയയിൽ നിന്നുള്ള പുതിയ ഉപകരണം ഗൂഗിൾ അസിസ്റ്റന്റ്, സിരി എന്നിവയുടെ പിന്തുണയോട് കൂടിയതാണ്. മാത്രമല്ല, ഒറ്റത്തവണ ചാർജ്ജ് ചെയ്യുന്നതിലൂടെ 40 മണിക്കൂർ ദൈർഘ്യമുള്ള പ്ലേബാക്ക് നേടുകയും ചെയ്യുന്നു. മികച്ച ശബ്ദ ഇൻസുലേഷൻ ഉറപ്പാക്കാൻ ഹെഡ്ഫോണുകളുടെ രൂപകൽപ്പന സുഖകരമാണെന്ന് തോന്നുന്നു.
നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്ഫോണ് സവിശേഷതകൾ
ഈ വയർലെസ് ഹെഡ്ഫോണുകളിൽ മികച്ച ശബ്ദം പ്രദാനം ചെയ്യുന്നതിനായി 40mm ഡൈനാമിക് ഡ്രൈവറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 20Hz ഫ്രീക്വൻസി വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൂടുതൽ ബാസ് ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് മെച്ചപ്പെട്ട ബാസ് മോഡ് പ്രവർത്തനക്ഷമമാക്കാം. ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളെ പിന്തുണയ്ക്കുന്ന ഇത് ബ്ലൂടൂത്ത് 5.0 മുഖാന്തരം ഫോണുകളുമായി കണക്റ്റ് ചെയ്യാവുന്നതാണ്. വയേർഡ് ഔട്ട്പുട്ടിനായി 3.5mm ഹെഡ്ഫോൺ ജാക്കും നല്‍കിയിട്ടുണ്ട്. ചാർജ്ജുചെയ്യുന്നതിന് ഹെഡ്ഫോണുകൾക്ക് യുഎസ്ബി-സി പോർട്ടുമുണ്ട്.
നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്ഫോണില് 40 മണിക്കൂർ ബാറ്ററി ദൈര്‍ഘ്യം നല്കുന്ന 500എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഹെഡ്ഫോണുകൾ ചാർജ്ജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ വേണ്ടിവരുമെന്ന് കമ്പനി പറയുന്നു. മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും കോളുകളോട് പ്രതികരിക്കാനും ഹെഡ്ഫോണുകളിൽ ജെസ്റ്ററുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്ഫോണുകളുടെ വില 59 യൂറോ (ഏകദേശം 5100 രൂപ)ആണ്. നവംബർ മുതൽ യൂറോപ്പിൽ ലഭ്യമാകും. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഹെഡ്ഫോണുകൾ ലഭ്യമാകുമോ എന്ന് എച്ച്എംഡി ഗ്ലോബൽ വ്യക്തമാക്കിയിട്ടില്ല.
Leave a Reply