ആമസോണ്‍ ഔദ്യോഗികമായി ക്ലൗഡ് ഗെയിമിംഗ് രംഗത്തെയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ലൂണ എന്ന പേരില്‍ പുതിയ ക്ലൗഡ് ഗെയ്മിംഗ് പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചിരിക്കുന്നു. നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമായിട്ടുള്ള ഗെയിമിംഗ് സേവനം ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കമ്പനി വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
കമ്പനിയുടെ തന്നെ വെബ് സർവീസസിന്‍റെ പിന്തുണയിൽ ഒരുക്കിയിരിക്കുന്ന ലൂണ പിസി, മാക്, ഫയര്‍ ടിവി, ഐഓഎസ് (വെബ് ആപ്പുകള്‍ ഉപയോഗിച്ച്) എന്നിവയിൽ ലഭ്യമാകുന്നതാണ്. ലൂണയുടെ ആൻഡ്രോയ്ഡ് പതിപ്പ് ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലൂണ ഗെയിം സ്ട്രീമിംഗ് സേവനം ആസ്വദിക്കുവാൻ ഉപയോക്താക്കൾക്ക് മൗസ് അല്ലെങ്കില്‍ കീബോർഡ് അതുമല്ലെങ്കില്‍ അനുയോജ്യമായ ബ്ലൂടൂത്ത് ഗെയിം കൺട്രോൾ വേണം. ഗെയിം നന്നായി ആസ്വദിക്കുവാൻ 49.99 ഡോളർ വിലയുള്ള ലൂണ ഗെയിം കൺട്രോളർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആമസോണ്‍ ലൂണ 5.99 ഡോളറിന് (ഏകദേശം 441 രൂപ)ആണ് ലഭ്യമാക്കിയിട്ടുള്ളത്. പണം നല്‍കിയുള്ള പ്ലാനിനു കീഴിലുള്ള സബ്സ്ക്രൈബേഴ്സിന് ലൂണ പ്ലസ് ചാനല്‍ ഗെയ്മുകള്‍ ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ ലഭിക്കും. 60fps/ 4K റെസലൂഷനില്‍ ഇത് ആസ്വദിക്കാം. എന്നാല്‍, തുടക്കത്തിൽ 1080 പിക്സല്‍സ് റെസലൂഷനില്‍ ആയിരിക്കും ഇത് ലഭിക്കുക.
ലൂണ ലഭ്യമാകുന്ന പ്ലാറ്റ്ഫോമുകള്‍
• ഡയറക്ട് 11 പിന്തുണയുള്ള വിൻഡോസ് 10
• മാക് ഓഎസ് 10.13 അല്ലെങ്കിൽ അതിനുശേഷമുള്ളവ
• ഫയര്‍ ടിവി സ്റ്റിക് സെക്കൻഡ് ജനറേഷൻ, ഫയര്‍ ടിവി സ്റ്റിക് 4കെ, ഫയര്‍ ടിവി ക്യൂബ് സെക്കൻഡ് ജനറേഷൻ
• ക്രോം ബ്രൗസറിന്‍റെ 83-ാം പതിപ്പും അതിനുശേഷമുള്ളവയോ
• ഐഓഎസ് 14-ലെ സഫാരി
ഇതിൽ 1080പി സ്ട്രീമിംഗ് ആസ്വദിക്കാന്‍ 10mbps വേഗത വേണം. 4കെ റെസലൂഷനില്‍ ഗെയിം ആസ്വദിക്കുവാന്‍ 35mbps വേണം. ലൂണ സേവനത്തില്‍ നിന്ന് തന്നെ ലൈവ് സ്ട്രീം ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റ് പ്രൊജക്ട് എക്സ്, ഗൂഗിൾ സ്റ്റേഡിയ, എന്‍വിഡിയ ജിഫോഴ്സ് എന്നീ ക്ലൗഡ് ഗെയ്മിംഗ് പ്ലാറ്റ്ഫോമുകളാണ് ആമസോണ്‍ ലൂണയുടെ മുഖ്യ എതിരാളികള്‍.
Leave a Reply