ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സേവനങ്ങള്‍ നല്‍കികൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ ആഴത്തിൽ മുന്നേറുകയാണ്. ഉത്സവ സീസണിന് മുന്നോടിയായി കൂടുതൽ ഇന്ത്യൻ ഉപഭോക്താക്കളെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കളെ ആമസോൺ.ഇന്നിലേക്ക് കൊണ്ടുവരുകയാണ് ഈ നീക്കത്തിന്‍റെ പ്രധാന ലക്ഷ്യം.
രണ്ട് വർഷം മുന്‍പ്, ആമസോൺ അതിന്‍റെ സൈറ്റിലേക്കും ആപ്ലിക്കേഷനുകളിലേക്കും ഒരു ഹിന്ദി ഭാഷാ ഓപ്ഷൻ ചേർത്തിരുന്നു. തുടക്കത്തിൽ ഹിന്ദിയിലേക്ക് മാറിയ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം നിലവിലുള്ള ഇംഗ്ലീഷ് ഉപഭോക്താക്കളായിരുന്നു. അവരിൽ വലിയൊരു പങ്കും മുന്‍പ് ബ്രൗസുചെയ്യുന്നുണ്ടെങ്കിലും ഇടപാടുകൾ നടത്തിയിരുന്നില്ല. തങ്ങളുടെ ഭാഷയിലേക്ക് മാറിയശേഷം, അവർ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ ആരംഭിച്ചു എന്നും ആമസോണ്‍ വക്താക്കള്‍ വിലയിരുത്തുന്നു.
ആമസോണിന്‍റെ വെബ്‌സൈറ്റും ആപ്ലിക്കേഷനും ഹിന്ദിയിലും മറ്റ് പ്രാദേശിക ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കുന്നത് ഉൽപ്പന്നങ്ങൾ ബ്രൗസുചെയ്യാനും ഷോപ്പുചെയ്യാനും ഉപയോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് കമ്പനി വിശ്വസിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍റർനെറ്റ് വിപണിയായ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടിവരുന്നതിനാല്‍ ഇ-കൊമേഴ്‌സ് വിപണിക്ക് അത് ഗുണകരമാകാനാണ് സാധ്യത. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകൾ സ്വന്തമാണെങ്കിലും, ഒരു വലിയ വിഭാഗം ഇപ്പോഴും അടുത്തുള്ള ഫിസിക്കൽ സ്റ്റോറുകളിൽ ഷോപ്പ് ചെയ്യാനാണ് താൽപ്പര്യപ്പെടുന്നത്. എന്നാല്‍ പുതിയ അപ്ഡേഷനിലൂടെ ആമസോണ്‍ വെബ്‌സൈറ്റും ആപ്ലിക്കേഷനുകളും ഉപയോക്താക്കളുടെ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കുന്നതുവഴി പരമ്പരാഗത ഷോപ്പിംഗ് രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം.
Leave a Reply