റിലയൻസ് ജിയോയുടെ പേയ്‌മെന്റ് ആപ്ലിക്കേഷനായ ജിയോ പേ ഇന്ത്യയിൽ പ്രവർത്തനസജ്ജമായിരിക്കുന്നു. റിലയൻസ് ആയിരത്തിലധികം ജിയോ ഫോണുകളിൽ ജിയോ പേ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുകയാണ്. കൂടുതൽ ആളുകളിലേക്ക് ഈ സവിശേഷത ഉടൻ ലഭ്യമാക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
ഇന്ത്യയിലെ 388 ദശലക്ഷത്തിലധികം ജിയോ ഫോൺ ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ജിയോ ധാരണയായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഒരു വർഷത്തിലേറെയായി പരീക്ഷണാടിസഥാനത്തിൽ ലഭ്യമാക്കി കൊണ്ടിരുന്ന ഈ സവിശേഷത ഓഗസ്റ്റ് 15 ന് ജിയോ ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി കമ്പനി ലഭ്യമാക്കിയതായാണ് വിവരങ്ങൾ പുറത്തുവരുന്നത്.
ആപ്ലിക്കേഷൻ യുപിഐയുമായി അനുയോജ്യമായതാണ്. അതിനാൽ യുപിഐ പ്രവർത്തനക്ഷമമാക്കിയ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ടാപ്പ് ആൻഡ് പേ, യുപിഐ വഴി പണം അയയ്ക്കുക, ജിയോ റീചാർജ്ജ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകൾ ജിയോ പേയിൽ ഉൾപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇടപാടുകൾ സാധ്യമാക്കുന്നതിന് ഉപയോക്താക്കൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ ചേർക്കാനും ജിയോ പേ മെനുവിൽ ഒരു “ഹിസ്റ്ററി” ഓപ്ഷൻ കാണാനും സാധിക്കും. ഇതിലൂടെ ഉപയോക്താവ് നടത്തിയ എല്ലാ ഇടപാടുകളും കാണാൻ സാധിക്കുന്നതാണ്.
ജിയോ പേ എൻഎഫ്‌സിയെ പിന്തുണയ്‌ക്കുന്നു. അതിനാൽ ഉപയോക്താക്കൾക്ക് അനുയോജ്യമായ ഒരു ഉപകരണത്തിൽ ടാപ്പുചെയ്യുന്നതിലൂടെ കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകൾ നടത്താനും അവസരമുണ്ട്. ജിയോ പേയിൽ പേയ്‌മെന്റുകൾ സാധ്യമാക്കുന്നതിനായി ആക്‌സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഇൻഡസ്ഇൻഡ്, എസ്‌ബിഐ, കൊട്ടക്, യെസ്ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ജിയോ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
Leave a Reply