ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനുള്ള കഴിവ് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഒരു ജിമെയിൽ അക്കൗണ്ട് എങ്കിലും ഉണ്ടാകും. ഏതെങ്കിലുമൊരു സാഹചര്യത്തിൽ നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കേണ്ടതായി വരുമ്പോൾ അത് എങ്ങനെ സാധ്യമാക്കാം എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ അതൊരു വലിയ അളവിലുള്ള ഡേറ്റ നഷ്‌ടപ്പെടലിന് ഇടയാക്കുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ കലണ്ടറുകൾ, ഇമെയിൽ വിവരങ്ങൾ, ഗൂഗിൾ ഡ്രൈവിലെ ഡേറ്റ, യൂട്യൂബിലെ വീഡിയോകൾ, ഗൂഗിൾ പ്ലേയിലെ വാങ്ങലുകൾ അങ്ങനെ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ആയിട്ടുള്ള എല്ലാ ഡേറ്റകളും നഷ്ടമാകും. കൂടാതെ,
നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിന്റെ ഉടമയാണെങ്കിൽ അക്കൗണ്ടുമായി സിങ്ക് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ കോൺടാക്റ്റുകളും നഷ്‌ടപ്പെടും. അതുപോലെ തന്നെ നിങ്ങളുടെ പഴയ ഇമെയിൽ വിലാസം ഉപയോഗിച്ച് ഏതെങ്കിലും മൂന്നാം കക്ഷി ഉറവിടത്തിൽ പാസ്‌വേഡ് മാറ്റാൻ പിന്നീട് സാധിക്കില്ല. അതിനാൽ പൊതുവായി ഒരു കാര്യം ശ്രദ്ധിക്കുക, സാധ്യമെങ്കിൽ, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഡേറ്റയും ഒരു സമർപ്പിത മാധ്യമത്തിലേക്ക് (പിസി, യുഎസ്ബി ഫ്ലാഷ് ഡ്രൈവ് മുതലായവ) ബാക്കപ്പ് ചെയ്യുക.
ഗൂഗിൾ അക്കൗണ്ട് ബാക്കപ്പ്
നിങ്ങളുടെ ഗൂഗിൾ, ജിമെയിൽ അക്കൗണ്ട് പൂർണ്ണമായും ഡിലീറ്റ് ആക്കുന്നതിന് മുൻപ്, ചില ഡേറ്റ ഇപ്പോഴും സംരക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കോൺടാക്റ്റുകൾ, കലണ്ടറുകൾ, നോട്ട്സ്. അതെ, അവ പ്രത്യേകം ഡൗൺലോഡ് ചെയ്യാം. പക്ഷേ അതിനായി കുറച്ച് ഘട്ടങ്ങൾ പിന്നിടെണ്ടതുണ്ട്. ആദ്യം ചെയ്യേണ്ടത് accounts.google.com ലേക്ക് പോയി നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങൾ തുറക്കുക എന്നതാണ്. അടുത്തതായി, നിങ്ങൾ സ്വകാര്യത വിഭാഗത്തിലേക്ക് പോയി “content management” എന്നത് തിരഞ്ഞെടുക്കുക.
അതിനുശേഷം, “Create archive” തിരഞ്ഞെടുക്കുക, അതിൽ ഏത് ഡേറ്റയും ഏത് ഗൂഗിൾ സേവനങ്ങളിൽ നിന്നാണ് സംരക്ഷിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാം. ഡേറ്റ സംരക്ഷിക്കുന്നതിന് വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കാനും സാധിക്കും. ഉദാഹരണത്തിന്, ആർക്കൈവ് ഡ്രോപ്പ്ബോക്സിലേക്ക് അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ ഡൗൺലോഡ് ലിങ്ക് മറ്റൊരു ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക എന്നീ മാർഗ്ഗങ്ങൾ ഇതിൽ ലഭ്യമാണ്.
ജിമെയിൽ അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം
സ്റ്റെപ്പ് 1: myaccount.google.com ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് പ്രവേശിക്കുക. ജിമെയിൽ അക്കൗണ്ട് വിശദാംശങ്ങൾ നൽകി സൈൻ ഇൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2: അക്കൗണ്ട് ക്രമീകരണങ്ങൾ തിരഞ്ഞെടുത്ത് മൈ അക്കൗണ്ട്സ് പേജിൽ അക്കൗണ്ട് പ്രിഫറൻസസ് കണ്ടെത്തുക. ഇത് സാധാരണയായി നിങ്ങളുടെ ഉപകരണത്തെ ആശ്രയിച്ച് പേജിന്റെ വലതുവശത്തോ താഴെയോ ആയിരിക്കും കാണപ്പെടുക. “Delete your account or services” എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: ഡിലീറ്റ് പ്രോഡറ്റ്സ് തിരഞ്ഞെടുക്കുക. ഗൂഗിൾ നിങ്ങൾക്ക് രണ്ട് ഓപ്‌ഷനുകൾ നൽകുന്നു – ഒരു ഉൽപ്പന്നം ഇല്ലാതാക്കുക അല്ലെങ്കിൽ നിങ്ങളുടെ മുഴുവൻ അക്കൗണ്ടും ഇല്ലാതാക്കുക. നിങ്ങൾക്ക് ജിമെയിൽ പൂർണ്ണമായും ഇല്ലാതാക്കുവാനാണ് താൽപ്പര്യമെങ്കിൽ, ഉൽപ്പന്നങ്ങൾ ഇല്ലാതാക്കുക എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക. ഈ ഘട്ടത്തിൽ നിങ്ങളുടെ പാസ്‌വേഡ് നൽകി വീണ്ടും ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും.
സ്റ്റെപ്പ് 4: തുടർന്ന് ഗൂഗിൾ നിങ്ങളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകൾ കാണിക്കും. ജിമെയിൽ അക്കൗണ്ട് തിരഞ്ഞെടുത്ത് ട്രാഷ് കണ്ടെയ്നർ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഒരു പ്രാഥമിക ഇമെയിൽ വിലാസവും നിങ്ങളുടെ നിലവിലെ പാസ്‌വേഡും വീണ്ടും നൽകാൻ ആവശ്യപ്പെടും.
(തുടരുന്നതിനുമുൻപ്, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുകയെന്നതിന്റെ അർത്ഥമെന്താണെന്ന് വിശദീകരിക്കുന്ന ഒരു അന്തിമ അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും. തുടരാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ജിമെയിൽ ഇല്ലാതാക്കുക ക്ലിക്ക് ചെയ്യുക.)
സ്റ്റെപ്പ് 5: നൽകിയ പുതിയ അക്കൗണ്ടിന്റെ ഇമെയിൽ തുറക്കുക. നിങ്ങളുടെ പുതിയ പ്രാഥമിക ഇമെയിൽ വിലാസത്തിലേക്ക് അയച്ച ഒരു ഇമെയിൽ തുറക്കാൻ പറയുന്ന ഒരു സന്ദേശം പ്രദർശിപ്പിക്കുന്നു. ചുവടെയുള്ള “OK , Got it” ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6: നിങ്ങളുടെ നിലപാട് സ്ഥിരീകരിക്കുക. നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും. വിശദാംശങ്ങൾ പരിശോധിക്കുക, സ്ഥിരീകരണ ലിങ്കിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരു പേജ് തുറക്കും.
സ്റ്റെപ്പ് 7: നിങ്ങളുടെ പാസ്‌വേഡ് നൽകി “Confirm” എന്നതിൽ ക്ലിക്ക് ചെയ്യുക. അവസാനമായി, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കി എന്ന് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭ്യമാകും.
ഈ പ്രവർത്തനങ്ങൾക്കെല്ലാം കുറച്ച് സമയമെടുക്കും കൂടാതെ ഒന്നിലധികം പേജുകൾ ക്ലിക്കുചെയ്യേണ്ടതായും വരുന്നു. എന്നിരുന്നാലും ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല.
Leave a Reply