ലോക്ക്ഡൗണും കൊറോണ വൈറസും വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾക്ക് ലോകം മുഴുവന്‍ വലിയ ഡിമാൻഡാണ് ഉണ്ടാക്കിയിരിക്കുന്നത്. സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ഈ അവസരത്തിൽ നേടാനായത്. എന്നാല്‍ ഏറ്റവും കൂടുതൽ ഉപയോക്താക്കളുമായി ഈ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സൂം ആപ്പിനെതിരെ ധാരാളം സുരക്ഷാപ്രശ്നങ്ങൾ ആരോപിക്കപ്പെട്ടത്. അതിനാല്‍ ഗവൺമെന്‍റും പല മള്‍ട്ടി നാഷണല്‍ കമ്പനികളും സൂം ആപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അതോടൊപ്പം, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളോട് രാജ്യത്തിന് സ്വന്തമായി ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷൻ നിർമ്മിക്കാൻ സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ധാരാളം ആപ്ലിക്കേഷനുകൾ നിർമ്മിക്കപ്പെടുകയുണ്ടായി. അതിൽ ഒന്നാണ് ‘സേ നമസ്തേ’ ആപ്പ്.
സ്ക്രീൻ ഷെയറിംഗ്, ടെക്സ്റ്റ് മോഡ്,ഫയല്‍ ഷെയറിംഗ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്ന സേ നമസ്തേ ആപ്പില്‍ ഒരേസമയം അമ്പതോളം പേർക്ക് വീഡിയോ കോളിങില്‍ പങ്കെടുക്കാവുന്നതാണ്. സൂം ആപ്പിന് സമാനമായി ഡെസ്ക്ടോപ്പില്‍ നിന്നും ലാപ്ടോപ്പിൽ നിന്നും സ്ക്രീൻ ഷെയർ ചെയ്യുന്നതോടൊപ്പം ഷെയർ ചെയ്യുന്ന സ്ക്രീൻ മറ്റുള്ളവർക്കും ഉപയോഗിക്കാനും കൈകാര്യം ചെയ്യുവാനും സാധിക്കും.
വീഡിയോ കോളിംഗിനിടെ ടെക്സ്റ്റ് മെസ്സേജുകൾ കൈമാറാനും സാധിക്കുന്ന ഈ ആപ്ലിക്കേഷനിൽ ഡോക്യുമെന്‍റുകള്‍, പിഡിഎഫ്, പ്രസന്‍റേഷനുകള്‍, ഇമേജുകൾ, വീഡിയോകൾ എന്നിവ ഫയല്‍ ഷെയറിംഗ് ഫീച്ചർ വഴി പങ്കുവയ്ക്കുന്നതും ആണ്.
സ്റ്റാർട്ട് അല്ലെങ്കിൽ ജോയിൻ എന്നതില്‍ ക്ലിക്ക് ചെയ്തു കൊണ്ട് അനായാസം മീറ്റിംഗ് റൂം നിർമ്മിക്കാനും പങ്കുചേരുവാനും സേ നമസ്തേ ആപ്പില്‍ സാധിക്കും. സ്വന്തം പേര് നൽകി മീറ്റിംഗ് ഐഡി നിർമ്മിക്കുകയും മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ജോയിൻ എക്സിസ്റ്റിംഗ് മീറ്റിംഗ് എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് മീറ്റിംഗ് ഐഡി നൽകിയാൽ മതി.
4.5 റേറ്റിംഗ് ഉള്ള സേ നമസ്തേ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇതിനോടകം ഒരു ലക്ഷം പേര്‍ ഡൗൺലോഡ് ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Leave a Reply