വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷാ ബോധവൽക്കരണം നൽകുന്നതിനായി കേരള പോലീസിന്‍റെ ഇ-ലേണിംഗ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. www.kidglove.in എന്ന ഇ-ലേണിംഗ് പോർട്ടൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനുമായി ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.
ക്ലാസ്സ് മുറികളില്‍ നിന്നും സൈബര്‍ലോകത്തേക്ക് പറിച്ചുനടപ്പെടുന്ന പുതിയ വിദ്യാഭ്യാസരീതിയില്‍ സൈബര്‍ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. സൈബര്‍ സാങ്കേതികവിദ്യയുടെ പ്രതികൂല സ്വാധീനത്തില്‍ നിന്ന് സ്വയം പരിരക്ഷ നേടുവാന്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനു വേണ്ടി കേരള പോലീസിന്‍റെയും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍റെയും (ISRA) സംയുക്താഭിമുഖ്യത്തില്‍ ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷണറുടെ സഹകരണത്തോടെയാണ് ‘കിഡ് ഗ്ലോവ്’ ആരംഭിച്ചിരിക്കുന്നത്.
കുട്ടികൾക്ക് റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്,വെര്‍ച്ച്വല്‍ ക്ലാസ്സ് റൂം, ലൈവ് ക്ലാസ്സുകൾ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓൺലൈൻ പരീക്ഷ നടത്തി സർട്ടിഫിക്കറ്റും നൽകുന്നതാണ്.
വിപുലമായ അവബോധം, പരിശീലനം, വിദ്യാഭ്യാസ കാംപെയ്‌നുകള്‍ എന്നിവയിലൂടെ സൈബര്‍സ്‌പെയ്‌സിന്‍റെ ഭീഷണികളെ നേരിടാനും അവ പരിഹരിക്കാനുമുള്ള അവബോധവും കുട്ടികളില്‍ സൃഷ്ടിക്കുന്നതിലാണ് കിഡ് ഗ്ലോവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കിഡ് ഗ്ലോവിന്‍റെ ലക്ഷ്യങ്ങള്‍;
- സൈബര്‍ സുരക്ഷയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും പരിശീലനവും നല്‍കുക.
- അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂതന ഗവേഷണത്തിനും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അവസരങ്ങള്‍ നല്‍കുക.
- സൈബര്‍ സുരക്ഷയില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് വിദ്യാലയങ്ങളില്‍ ഒരു പഠന വേദി ഒരുക്കുക.
- പരിശീലനത്തിലൂടെയും ആശയവിനിമയത്തിലൂടെയും വിവര സുരക്ഷയെക്കുറിച്ചുള്ള ക്യാമ്പസ് അവബോധം വര്‍ദ്ധിപ്പിക്കുക.
Leave a Reply