രാജ്യവ്യാപകമായ ലോക്ക്ഡൗണിന്‍റെ 4-ാം ഘട്ടത്തില്‍ പുതിയ ഇളവുകളും നിയമങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അതിന്‍റെ ഭാഗമെന്നോണം അന്തര്‍സംസ്ഥാന യാത്രകൾക്ക് ദേശീയ ഇ-പാസ് ഏർപ്പെടുത്തിയിരിക്കുന്നു.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ (എൻഐസി) വികസിപ്പിച്ചെടുത്ത വെബ്‌പേജി(http://serviceonline.gov.in/epass/) ലൂടെ ഇ-പാസിന് അപേക്ഷിക്കാം.
17 സംസ്ഥാനങ്ങളിലേക്കുള്ള ഇ-പെർമിറ്റുകളാണ് ഇപ്പോള്‍ ഇതിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.മുന്‍പ്, ഓരോ സംസ്ഥാനവും പ്രത്യേകം പോർട്ടലുകൾ തയ്യാറാക്കിയാണ് ഇ-പാസ് നൽകിയിരുന്നത്. ഇത് ഒരു സംസ്ഥാനത്തെ പാസ് വേറൊരു സംസ്ഥാനം അംഗീകരിക്കുന്നതിൽ വീഴ്ചയും കാലതാമസവും ഉണ്ടാകുന്നതുള്‍പ്പെടെ തർക്കങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പൊതുസംവിധാനം കേന്ദ്രഗവണ്‍മെന്‍റ് നടപ്പിലാക്കുന്നത്.
വിദ്യാർത്ഥികൾ, അവശ്യ സേവന ദാതാക്കൾ, വിനോദസഞ്ചാരികൾ, തീർത്ഥാടകർ, അടിയന്തര / മെഡിക്കൽ യാത്രകൾ, വിവാഹ ആവശ്യങ്ങൾ എന്നിവ പോലുള്ള ചില വിഭാഗങ്ങൾക്കായിരിക്കും ഇ-പെർമിറ്റിന് സാധുതയുണ്ടാകുക.
വെബ്‌പേജിൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, ഈ പ്രത്യേക സേവനം ഉപയോഗിച്ച് ഏത് വ്യക്തിക്കും / ഗ്രൂപ്പിനും ഇ-പാസിനായി അപേക്ഷിക്കാം. ഇ-പാസിന് അപേക്ഷിക്കുന്നതിന് മുന്‍പ് ആവശ്യമായ എല്ലാ രേഖകളുടെയും പകർപ്പുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കേണ്ടതായുണ്ട്. ഒടിപി വേരിഫിക്കേഷന്‍ ആവശ്യമായതിനാൽ ഒരു ആക്ടീവ് മൊബൈൽ നമ്പറും നിർബന്ധമാണ്.
അപേക്ഷിച്ച ഉടനടി ഇ-പെർമിറ്റ് ലഭിക്കുകയില്ല. പകരം, അപ്പോള്‍ ലഭ്യമാകുന്ന റഫറൻസ് നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍റെ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും. ഇ-പാസ് ലഭ്യമാകുമ്പോള്‍ അതില്‍ അപേക്ഷകന്‍റ പേര്, വിലാസം, ഒരു ക്യുആർ കോഡ്, പാസ്സിന്‍റെ കാലാവധി എന്നിവ ഉള്‍പ്പെടുന്നതായിരിക്കും.
Leave a Reply