സാമൂഹിക അകലവും സമ്പര്‍ക്കവിലക്കുമൊക്കേയായി ഈ കൊറോണനാളുകള്‍ നമ്മെ ഭയപ്പെടുത്തുമ്പോള്‍ ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരവുമായി സാങ്കേതികവിദ്യകള്‍ നമുക്ക് തണലാകുകയാണ്. പുറത്തിറങ്ങുമ്പോള്‍ വാതില്‍ തുറക്കാന്‍, എടിഎമ്മില്‍ പോകുമ്പോള്‍ ബട്ടണ്‍ അമര്‍ത്താന്‍, കാര്‍ഡ് നല്‍കുമ്പോള്‍ സ്വൈപ്പിംഗ് മെഷീനില്‍ അമര്‍ത്താന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഇനി ഭയപ്പെട്ട് മാറിനില്‍ക്കേണ്ടാ… കൗതുകകരമായ രൂപകല്‍പ്പനയില്‍ തയ്യാറാക്കിയിട്ടുള്ള കൊഗണ്‍ എന്ന ഉപകരണം കൊണ്ട് കാര്‍, ഓഫീസ്, വീട്, തുടങ്ങിയവയുടെ വാതിലുകള്‍ തുറക്കുവാനും എടിഎം മെഷീന്‍, സ്വൈപ്പിംഗ് മെഷീന്‍, ലിഫ്റ്റ്, ടാപ്പ് എന്നിവയില്‍ ഉപയോഗിക്കുവാനുമെല്ലാം സാധിക്കും.
കളമശ്ശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സെക്ടര്‍ക്യൂബ് എന്ന കമ്പനിയാണ് ഈ ഉപകരണത്തിന്‍റെ നിര്‍മ്മാണത്തിന് പിന്നില്‍. വെറുമൊരു കീ ചെയിനിന്‍റെ രൂപത്തിലുള്ള കൊഗണ്‍ എന്ന ഉപകരണം നേരിട്ടുള്ള സ്പര്‍ശനമൊഴിവാക്കാന്‍ സഹായിക്കുന്നതാണ്.
ലളിതമായ രൂപകല്‍പ്പന, പോക്കറ്റില്‍ ഒതുങ്ങുന്ന വലുപ്പം, കുറഞ്ഞ വില എന്നിവയാണ് ഈ ഉത്പന്നത്തിന്‍റെ മേന്മയെന്ന് മേക്കര്‍വില്ലേജ് വൃത്തങ്ങള്‍ പറഞ്ഞു. 150 രൂപയില്‍ താഴെ വിലയുള്ള കൊഗണ്‍ www.safegad.com എന്ന വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും ലഭ്യമാണ്.
Leave a Reply