ട്വിറ്ററിന് ബദലായി അവതരിപ്പിച്ച ഇന്ത്യൻ ആപ്പ് ‘കൂ’ അടച്ചുപൂട്ടുന്നു

ആഗോളതലത്തിൽ മികച്ച സ്വീകാര്യതയുള്ള ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ‘ഇന്ത്യൻ ബദലെന്ന’ വിശേഷണവുമായി ഉപയോക്താക്കളിലേക്ക് എത്തിയ കൂ (Koo ) പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്ത പശ്ചാത്തലത്തിലാണിത്. 2020ലായിരുന്നു കൂ പ്രവർത്തനം ആരംഭിച്ചത്. അപ്രമേയ രാധാകൃഷ്‌ണ, മായങ്ക് ബിദവത്ക എന്നിവരായിരുന്നു സ്‌ഥാപകർ. മഞ്ഞക്കിളി ലോഗോയായിരുന്നു കമ്പനിയുടേത്.

തുടക്കകാലത്ത് കേന്ദ്രമന്ത്രിമാർ, സെലബ്രിറ്റികൾ തുടങ്ങിയവരിൽ നിന്ന് വൻ പിന്തുണ കൂവിന് കിട്ടിയിരുന്നു. ഇത് വൻതോതിൽ നിക്ഷേപം ആകർഷിക്കാനും വഴിയൊരുക്കിയിരുന്നു. യുഎസ് നിക്ഷേപ സ്‌ഥാപനമായ ടൈഗർ ഗ്ലോബൽ ഉൾപ്പെടെ കമ്പനിയിൽ നിക്ഷേപകരായി എത്തി. നൈജീരിയയിലും ബ്രസീലിലുമടക്കം ഇതിനിടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിച്ചു.

പ്രതാപകാലത്ത് പ്രതിദിനം 21 ലക്ഷം ഉപയോക്‌താക്കളും പ്രതിമാസം ഒരുകോടി ഉപയോക്‌താക്കളും കൂവിനുണ്ടായിരുന്നു. ഇതിൽ 9,000ഓളവും ‘വിഐപി’കൾ. ഇന്ത്യയിൽ ട്വിറ്ററിന്റെ സ്വീകാര്യതയെ കൂ മറികടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേ, കമ്പനി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.

ബിസിനസ് വിപുലീകരണത്തിനായും മൂലധന സമാഹരണത്തിനായും നിരവധി ടെക് കമ്പനികളുമായി കൂ ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. ചില വൻകിട ടെക് കമ്പനികളെക്കൊണ്ട് കൂവിനെ ഏറ്റെടുപ്പിക്കാനായിരുന്നു നീക്കമെങ്കിലും ഫലം കണ്ടില്ല. സാങ്കേതിക കൈകാര്യച്ചെലവ് താങ്ങാവുന്നതിലും അധികമായതും തിരിച്ചടിയായി. ഇതോടെയാണ് ഈ ഇന്ത്യൻ സാമൂഹിക മാധ്യമത്തിന് അടച്ചുപൂട്ടലിനുള്ള വഴിതുറന്നത്. 274 മില്യൺ ഡോളർ (ഏകദേശം 2,250 കോടി രൂപ) മൂല്യമുള്ള കമ്പനിയാണ് കൂ.

About The Author