വീഡിയോ സ്ട്രീമിങ് രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് യൂട്യൂബ്. അടുത്തിടെ ടിക്ടോക്കിന് ബദലായി ചെറുവീഡിയോകൾ പങ്കുവെക്കാൻ സാധിക്കുന്ന ഷോർട്സ് എന്ന സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ക്ലിപ്സ് എന്ന് പേരിൽ മറ്റൊരു പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.
യൂട്യൂബ് വീഡിയോകളിൽനിന്നും അഞ്ച് സെക്കന്‍റ് മുതൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകൾ ലിങ്കുകളായി മറ്റ് പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാൻ സാധിക്കുന്ന സംവിധാനമാണ് ക്ലിപ്സ്. ലൈവ് വീഡിയോകളും ഈ രീതിയിൽ പങ്കുവെയ്‌ക്കാം.
വീഡിയോ പ്ലെയറിന് താഴെ ഇതിനായി പ്രത്യേകം ക്ലിപ്സ് ബട്ടൺ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്ത് പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഭാഗം ക്രോപ്പ് ചെയ്ത് അഞ്ച് സെക്കന്‍റ് മുതൽ ഒരു മിനിറ്റ് വരെ തിരഞ്ഞെടുക്കാം. ഈ ക്ലിപ്പിന് ഒരു പേര് നൽകിയ ശേഷം ഷെയർ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. തുറന്നുവരുന്ന വിൻഡോയിൽ വാട്സ്ആപ്പ് ഉൾപ്പടെയുള്ള ഫോണിലെ ഫയൽ ഷെയറിങ് സംവിധാനങ്ങൾ കാണാനാകും. അതിൽ നിന്ന് ആവശ്യമായത് തിരഞ്ഞെടുത്ത് ക്ലിപ്സുകൾ പങ്കുവെക്കാം.
ഇങ്ങനെ ചെയ്യുമ്പോൾ ഒരു യൂട്യൂബ് ലിങ്കാണ് പങ്കുവെക്കപ്പെടുക. അത് ക്ലിക്ക് ചെയ്യുമ്പോൾ ക്രോപ്പ് ചെയ്ത ആ ഭാഗം മാത്രം പ്ലേ ആകുന്നതാണ്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ സേവനം വീഡിയോകളിലെ രസകരമായതും, പ്രസക്തമായതുമായ ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് പങ്കുവെക്കാൻ ഉപയോക്താക്കളെ സഹായിക്കും.
Leave a Reply